ബാബരി മസ്ജിദ് വിധി: അപ്പീല്‍ നൽകുന്ന കാര്യത്തില്‍ മൗനം തുടര്‍ന്ന് സിബിഐ

കേസില്‍ വിചാരണ കോടതി വിധിക്കെതിരെ സിബിഐ അപ്പീല്‍ നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു
ബാബരി മസ്ജിദ് വിധി: അപ്പീല്‍ നൽകുന്ന കാര്യത്തില്‍ മൗനം തുടര്‍ന്ന് സിബിഐ

ന്യൂഡൽഹി: ബാബ്റി മസ്ജിദ് തകർത്ത കേസില്‍ എല്‍കെ അദ്വാനി ഉള്‍പ്പടെയുള്ള ബിജെപി നേതാക്കളെ വെറുതെവിട്ട വിധിക്കെതിരെ അപ്പീല്‍ നൽകുന്ന കാര്യത്തില്‍ മൗനം തുടര്‍ന്ന് സിബിഐ. അപ്പീല്‍ നൽകാൻ രണ്ടു മാസത്തെ സമയമുണ്ടെങ്കിലും ഇപ്പോള്‍ പ്രതികരിക്കാതെ വിഷയം തണുക്കാനുള്ള നീക്കത്തിലാണ് സിബിഎ എന്ന ആരോപണവും ഉയരുന്നുണ്ട്.

കേസില്‍ വിചാരണ കോടതി വിധിക്കെതിരെ സിബിഐ അപ്പീല്‍ നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ആധികാരിക തെളിവുകള്‍ ഹാജരാക്കാനായില്ലെന്നും അന്വേഷണ ഏജന്‍സിക്ക് പല പിഴവുകള്‍ ഉണ്ടായെന്നും പ്രത്യേക കോടതി വിധിയില്‍ വ്യക്തമാക്കുന്നു.

വിധിക്കെതിരെ സിബിഐ എന്തു നിലപാട് സ്വീകരിക്കും എന്നത് നിരീക്ഷിക്കാനാണ് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്‍റെ തീരുമാനം. മേല്‍ക്കോടതിയില്‍ പോകേണ്ടതുണ്ടോ എന്നത് ആലോചിച്ച്‌ തീരുമാനിക്കും എന്നും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചു.

എന്നാല്‍ ലക്നൗ പ്രത്യേക കോടതി വിധിയോട് ഇതു വരെ സിബിഐ പ്രതികരിച്ചിട്ടില്ല. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വിമര്‍ശനം ശക്തമാകുന്ന സമയത്താണ് ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ നിലപാടെടുക്കാന്‍ സിബിഐക്കുമേല്‍ സമ്മര്‍ദ്ദം ഏറുന്നത്.

അതേസമയം, വിധിയെക്കുറിച്ച്‌ പ്രധാനമന്ത്രിയും ബിജെപിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. ആഭ്യന്തര മന്ത്രി അമിത് ഷായും വിഷയത്തിൽ മൗനത്തിലാണ്.

Related Stories

Anweshanam
www.anweshanam.com