നെയ്യാറ്റിൻകര ദമ്പതികളുടെ മരണം: അമ്പിളിയുടെ മൃതദേഹം തടഞ്ഞുവെച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്

പൊലീസ് നടപടി തടസപ്പെടുത്തിയതിനും കോവിഡ് നിയന്ത്രണം ലംഘിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്
നെയ്യാറ്റിൻകര ദമ്പതികളുടെ മരണം: അമ്പിളിയുടെ മൃതദേഹം തടഞ്ഞുവെച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അമ്പിളിയുടെ മൃതദേഹം തടഞ്ഞുവെച്ച് പ്രതിഷേധിച്ചതിന്നാണ് കേസ്.

പൊലീസ് നടപടി തടസപ്പെടുത്തിയതിനും കോവിഡ് നിയന്ത്രണം ലംഘിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെയാണ് കേസെടുത്തത്. ആത്മഹത്യ ചെയ്ത രാജനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച വൈകീട്ട് മെഡിക്കൽ കോളേജിൽ നിന്ന് ആംബുലൻസിൽ അമ്പിളിയുടെ മൃതദേഹം നെയ്യാറ്റിൻകരയില്‍ എത്തിച്ചപ്പോഴാണ് വീടിന് സമീപത്തുളള റോഡിൽ കുട്ടികളും നാട്ടുകാരും ചേർന്ന് ആംബുലൻസ് തടഞ്ഞത്. ഭൂമിയുമായി ബന്ധപ്പെട്ട് കേസ് നൽകിയ വസന്തക്കെതിരെ നിയമനടപടിയെടുക്കണം, കുറ്റക്കാരനായ പൊലീസുകാരനെതിരെ നടപടി വേണം, കുട്ടികൾക്ക് സർക്കാർ ജോലി നൽകണം, ഇതേ ഭൂമിയിൽ കുട്ടികൾക്ക് വീട് നൽകണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

ഇതെതുടര്‍ന്ന്‍ കളക്ടർ സ്ഥലത്ത് എത്തി ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്. കേസിൽ നിന്ന് പിന്മാറുന്നുവെന്ന് പരാതിക്കാരി വസന്ത നേരത്തെ വ്യക്തമാക്കിയെങ്കിലും ഭൂമി വിട്ടുനൽകാനാകില്ലെന്ന നിലപാടുമായി പിന്നീട് രംഗത്തെത്തി. ഇതോടെ നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് വസന്തയെ സ്ഥലത്ത് നിന്ന് മാറ്റിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com