കർഷകരുമായുള്ള ചർച്ച പരാജയം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്ന് കേന്ദ്രം

ജനുവരി നാലിന് വീണ്ടും ചര്‍ച്ച നടത്താനാണ് തീരുമാനം
കർഷകരുമായുള്ള ചർച്ച പരാജയം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്രസക്കാരും കര്‍ഷക യൂണിയന്‍ നേതാക്കളും തമ്മിലുള്ള ആറാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. ജനുവരി നാലിന് വീണ്ടും ചര്‍ച്ച നടത്താനാണ് തീരുമാനം.

നിയമം പിന്‍വലിക്കല്‍ ഒഴികെയുള്ള ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും വിളകള്‍ക്ക് താങ്ങുവില പിന്‍വലിക്കില്ല എന്ന് ഉറപ്പ് നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍.

മൂന്ന് കേന്ദ്രമന്ത്രിമാരും 41 കര്‍ഷക യൂണിയന്‍ പ്രതിനിധികളും ചേര്‍ന്ന് അഞ്ച് മണിക്കൂറോളം നടത്തിയ ചര്‍ച്ചയില്‍ രണ്ട് കാര്യങ്ങളില്‍ സമവായമായി. കാര്‍ഷിക നിയമം പിന്‍വലിക്കല്‍, താങ്ങുവില എന്നീ വിഷയങ്ങളില്‍ ധാരണയായില്ല. ജനുവരി നാലിന് നടക്കുന്ന ചര്‍ച്ചയില്‍ ഈ രണ്ട് വിഷയങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നടക്കുമെന്ന് നരേന്ദ്രസിങ് തോമര്‍ പറഞ്ഞു.

ഇന്നത്തെ ചര്‍ച്ചയില്‍ നാല് അജണ്ടകളാണ് കര്‍ഷകര്‍ മുന്നോട്ടുവെച്ചത്. ഇതില്‍ വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കും, കാര്‍ഷിക അവശിഷ്ടം കത്തിക്കുന്നത് നിയന്ത്രിക്കുന്ന ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്തണം എന്നീ നിര്‍ദേശങ്ങളാണ് കേന്ദ്രം സ്വീകരിച്ചത്. അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാവില്ല, പകരം നിയമം പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാമെന്നാണ് കേന്ദ്രം ആവര്‍ത്തിച്ചത്. നേരത്തേയും ഇതേ നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടുവെച്ചിരുന്നത്. താങ്ങുവില തുടരാമെന്ന ഉറപ്പ് എഴുതി നല്‍കാമെന്ന കേന്ദ്രനിര്‍ദേശം കര്‍ഷകര്‍ അംഗീകരിച്ചിട്ടില്ല. ഇതിന് നിയമപ്രാബല്യം നല്‍കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.

സര്‍ക്കാര്‍ കടുംപിടുത്തം തുടര്‍ന്നാല്‍ റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങുകള്‍ തടസപ്പെടുത്തുന്ന സമരത്തിലേക്ക് വരെ നീങ്ങുമെന്ന മുന്നറിയിപ്പാണ് കര്‍ഷക സംഘടനകള്‍ നല്‍കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com