
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ കാര്‍ഷിക നിയമത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ നിയമം പുനപരിശോധിക്കില്ലെന്ന സൂചന നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങള്‍ അടുത്ത നൂറ്റാണ്ടില്‍ വലിയ ബാധ്യതയാണെന്നും അതുകൊണ്ടു തന്നെ പരിഷ്കാരങ്ങള്‍ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗ്രാ മെട്രോ റെയില്‍ പ്രൊജക്ട് വെര്‍ച്വലായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പരിഷ്കാരമെന്നത് ഒരു തുടര്‍പ്രക്രിയ ആയിരിക്കണം. മുന്‍പ് പരിഷ്കാരങ്ങളെല്ലാം ഏതെങ്കിലും ഒരു മേഖലയില്‍ മാത്രം ഒതുങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സമഗ്രമായ പരിഷ്കാരങ്ങളും വികസനവുമാണ് തന്റെ സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രധനമന്ത്രി പറഞ്ഞു.
നേരത്തേയിത് ചില മേഖലകളിലും വകുപ്പുകളിലും മാത്രമായിരുന്നു. ഇൗ മാറ്റങ്ങള്‍ ജനങ്ങളടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. അത് തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ കാണാമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്‍ഷിക ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകസംഘടനകളുടെ പ്രതിഷേധം തുടരുന്നതിതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകസംഘടനകള്‍ ചൊവ്വാഴ്ച ഭാരതബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.