
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും അറബിക്കടലിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് കേരളത്തില്‍ പ്രവേശിക്കാൻ സാധ്യത. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര വഴി ചുഴലിക്കാറ്റ് കടന്ന് പോയേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒടുവില്‍ പുറത്തു വിട്ട വിവരം. 43 വില്ലേജുകളിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ഇന്ന് രാവിലെ എട്ട് മണിയോടെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്കിയ അറിയിപ്പ് പ്രകാരം ചുഴലിക്കാറ്റ് കര തൊടില്ല. എന്നാല്‍ പത്ത് മണിയോടെ സ്വകാര്യ കാലാവസ്ഥാ ഏജന്‍സികള്‍ പുറത്തു വിട്ട പുതിയ വിവരങ്ങള്‍ പ്രകാരം ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളവും ഉള്‍പ്പെടുന്നുണ്ട്.
അതേസമയം നൂറ് കിലോമീറ്ററിന് താഴെയാണ് ചുഴലിക്കാറ്റിന് വേഗത എന്നതിനാല്‍ അമിത ആശങ്ക വേണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിച്ചാല്‍ മതിയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇന്ന് രാത്രിയോടെ ശ്രീലങ്കയില്‍ കര തൊടുന്ന ചുഴലിക്കാറ്റ് ലങ്കയിലൂടെ സഞ്ചരിച്ച ശേഷം നാളെ രാത്രിയോടെ തമിഴ്നാട് തീരത്ത് പ്രവേശിക്കും എന്നാണ് പ്രവചനം. ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കുന്നത് ഒരു തരത്തില്‍ ഗുണകരമാണെന്നും കരയിലൂടെ കൂടുതല്‍ നീങ്ങും തോറും കാറ്റിന്റെ കരുത്ത് കുറയുമെന്നുമാണ് കണക്കാക്കുന്നത്.