ആശങ്കയില്ലാതെ ബുറേവി ഇന്നെത്തും; കേരള തീരത്ത് ജാഗ്രത തുടരുന്നു; അഞ്ച് ജില്ലകളിൽ പൊതു അവധി

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി
ആശങ്കയില്ലാതെ ബുറേവി ഇന്നെത്തും; കേരള തീരത്ത് ജാഗ്രത തുടരുന്നു; അഞ്ച് ജില്ലകളിൽ പൊതു അവധി

തിരുവനന്തപുരം: ബുറേവി ചുഴലികാറ്റ് ശക്തിക്ഷയിച്ച്‌ ദുര്‍ബലമായെങ്കിലും കേരള തീരത്ത് ജാഗ്രത തുടരുന്നു. ബുറേവി ചുഴലിക്കാറ്റ് സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അഞ്ചു ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഈ ജില്ലകൾ ഉൾപ്പെടെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കുമെന്നാണ് അറിയിപ്പ്.

അറബിക്കടല്‍ ലക്ഷ്യമാക്കി നീങ്ങുന്ന ബുറേവി ചുഴലിക്കാറ്റിന് രാത്രി തന്നെ ശക്തി കുറഞ്ഞിരുന്നു. ബുറേവി ചുഴലിക്കാറ്റ് കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറില്‍ ഏകദേശം 30-40 കിലോമീറ്റര്‍ വേഗതയാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ നിര്‍ത്തിവയ്ക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. വിമാനത്താവള പ്രവര്‍ത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി.

പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ഓഫീസുകള്‍ക്കാണ് സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചത്. ദുരന്ത നിവാരണം, അവശ്യ സര്‍വീസുകള്‍, തിരഞ്ഞെടുപ്പ് ചുമതലകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.എന്നാൽ, പൊതു അവധി കെഎസ്ആര്‍ടിസിക്കും ബാധകമായിരിക്കും എന്ന് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനക്കള്‍ക്കും അവശ്യ സര്‍വ്വീസ് നടത്തിപ്പിനുമായി മാത്രമാകും സര്‍വ്വീസ് നടത്തുക. അതിനായി വാഹനങ്ങളും ഡ്രൈവര്‍മാരും സജ്ജമാക്കി നിര്‍ത്താന്‍ യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളസര്‍വകലാശാലയും മഹാത്മാഗാന്ധി സര്‍വകലാശാലയും ആരോഗ്യ സര്‍വകലാശാലയും വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അറിയിച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പിഎസ്‍സി അഭിമുഖ പരീക്ഷകള്‍ മാറ്റിവച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com