ജനാധിപത്യത്തെയും ഭരണഘടനയെയും കൊല്ലുന്നവര്‍ക്ക് നല്‍കുന്ന ക്ലീന്‍ ചിറ്റാണ് വിപ്പ്: പ്രിയങ്ക ഗാന്ധി
Top News

ജനാധിപത്യത്തെയും ഭരണഘടനയെയും കൊല്ലുന്നവര്‍ക്ക് നല്‍കുന്ന ക്ലീന്‍ ചിറ്റാണ് വിപ്പ്: പ്രിയങ്ക ഗാന്ധി

കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് ബി.എസ്.പി എം.എല്‍.എമാര്‍ക്ക് വിപ്പ് ഏര്‍പെടുത്തിയത് സൂചിപ്പിച്ചാണ് പ്രയിങ്കയുടെ പ്രതികരണം.

By News Desk

Published on :

ന്യൂഡല്‍ഹി: ബിജെപിയുടെ അപ്രഖ്യാപിത വക്താക്കളാണ് ബി.എസ്.പിയെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസിനെയും അശോക് ഗെലോട്ടിനെയും പാഠം പഠിപ്പിക്കുമെന്ന ബി.എസ്.പി നേതാവ് മായാവതിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക രംഗത്തെത്തിയത്.

കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് ബി.എസ്.പി എം.എല്‍.എമാര്‍ക്ക് വിപ്പ് ഏര്‍പെടുത്തിയത് സൂചിപ്പിച്ചാണ് പ്രയിങ്കയുടെ പ്രതികരണം.

'ബിജെപിയുടെ അപ്രഖ്യാപിത വക്താക്കള്‍ ബി.ജെ.പിയെ സഹായിക്കാനായി വിപ്പ് നടപ്പിലാക്കി. ഇത് വെറുമൊരു വിപ്പല്ല. ജനാധിപത്യത്തെയും ഭരണഘടനയെയും കൊല്ലുന്നവര്‍ക്ക് നല്‍കുന്ന ക്ലീന്‍ ചിറ്റാണ്,' പ്രിയങ്ക ട്വീറ്റ് ചെയ്തു. ഗെലോട്ടിനെ ഒരു പാഠം പഠിപ്പിക്കുമെന്നും ആറ് ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്നും നേരത്തെ മായാവതി പറഞ്ഞിരുന്നു.

'ഇക്കാര്യത്തില്‍ ബി.എസ്.പിക്ക് നേരത്തെതന്നെ കോടതിയില്‍ പോകാമായിരുന്നു. എന്നാല്‍ അന്നത് ചെയ്തില്ല. കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും ഒരു പാഠം പഠിപ്പിക്കാന്‍ പറ്റിയ സമയത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. കോടതിയെ സമീപിക്കാനാണ് ഇപ്പോള്‍ ഞങ്ങളുടെ തീരുമാനം. ഇക്കാര്യം ഞങ്ങള്‍ വെറുതെ വിടില്ല. ഞങ്ങള്‍ സുപ്രിംകോടതിയില്‍ പോലും പോവും', ഇതായിരുന്നു മായാവതിയുടെ പ്രതികരണം.

Anweshanam
www.anweshanam.com