
ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. കോവിഡ് വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടണിൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് സന്ദർശനം റദ്ദാക്കിയതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാല്‍ ഇത് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.
റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായിരുന്നു ബോറിസ് ജോണ്സണ്. റിപ്പബ്ലിക് ദിനപരേഡില്‍ ഇത്തവണ മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ ബ്രിട്ടിനിലെ കോവിഡ് വ്യാപനവും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതും കണക്കിലെടുത്താണ് സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് സൂചന.
സന്ദർശനം റദ്ദാക്കേണ്ടിവന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി ബ്രിട്ടീഷ് വക്താവ് വ്യക്തമാക്കി.
ബോറിസ് ജോൺസണിന്റെ ഇന്ത്യാ സന്ദർശനത്തിൽ മാറ്റങ്ങളൊന്നും ഇല്ലെന്ന് നേരത്തെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ വ്യക്തമാക്കിയിരുന്നു. ഈ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് സന്ദർശനം സംബന്ധിച്ച് ബ്രിട്ടൺ വ്യക്തത വരുത്തിയത്.