
കോഴിക്കോട്: തന്റെ പരിപാടിയില്‍ കറുത്ത മാസ്കിന് വിലക്കെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിദ്യാര്‍ത്ഥിയോട് ക്ഷുഭിതനായെന്ന വാര്‍ത്തയും മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയെന്ന പ്രചാരണവും അദ്ദേഹം നിഷേധിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദപരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത വെള്ളിമാട്കുന്ന് ജന്‍ഡര്‍ പാര്‍ക്ക് ഉദ്ഘാടനത്തില്‍ കറുത്ത മാസ്കിന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയ സംഭവം പുറത്തു വന്നതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ചില കുട്ടികള്‍ കറുത്ത മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു. കുട്ടികളുമായുള്ള ആശയസംവാദ പരിപാടിക്കെതിരായി ചില നീക്കങ്ങള്‍ ഉയരുന്നുണ്ട്. കറുത്ത മാസ്ക് പാടില്ല എന്ന പ്രചരണം ഇങ്ങനെ ഉണ്ടായതാണ്. മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി എന്ന വാര്‍ത്തയും ഇതിന്റെ ഭാഗമാണ്. അങ്ങനെ ഉണ്ടായിട്ടില്ല. യോഗ നടപടിക്രമകളുടെ ഭാഗം മാത്രമാണ് നടന്നിട്ടുള്ളത് എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്ബില്‍ എം എല്‍ എ, കെ.എസ്. യു സംസ്ഥാന അദ്ധ്യക്ഷന്‍ കെ.എം അഭിജിത്, വി.ടി ബല്‍റാം എം എല്‍ എ തുടങ്ങിയവര്‍ ഇതിനെതിരെ രംഗത്തെത്തി.