ജലീലിനെതിരെ പ്രതിഷേധം; യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം
Top News

ജലീലിനെതിരെ പ്രതിഷേധം; യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം

ബാരിക്കേട് തള്ളിമാറ്റാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

News Desk

News Desk

തിരുവനന്തപുരം: കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ സെക്രട്ടേറിയേറ്റിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിച്ചാർജ് നടത്തി. തങ്ങളുടെ അഞ്ച് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി ബിജെപി ആരോപിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ നേതൃത്വത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. ബാരിക്കേട് തള്ളിമാറ്റാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുമ്പിലെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ട് യുവമോർച്ചയും പ്രതിഷേധിക്കുകയാണ്. കോഴിക്കോട് കമ്മീഷണർ ഓഫീസിനു മുമ്പിൽ യുവമോർച്ച പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. മലപ്പുറത്തും കൊച്ചിയിലും യുഡിഎഫ് യുവജനസംഘടനകള്‍ മന്ത്രിയുടെ കോലം കത്തിച്ചു. പാലക്കാട് സുല്‍ത്താന്‍പേട്ടയിലും യുഡിഎഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.

അതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തതിന്റെ പേരിൽ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കേണ്ടതില്ലെന്നു സിപിഎം കേന്ദ്ര നേതൃത്വം. കോടതി കുറ്റക്കാരനെന്നു കണ്ടാല്‍ മാത്രമേ രാജി വയ്ക്കേണ്ട കാര്യമുള്ളൂവെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാെടന്ന് എസ്. രാമചന്ദ്രൻ പിള്ള വ്യക്തമാക്കി.

Anweshanam
www.anweshanam.com