തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ സമിതി രൂപീകരിക്കാന്‍ ബിജെപി

തെരഞ്ഞെടുപ്പില്‍ വീഴ്ച ഉണ്ടായെന്നാണ് ബിജെപി വിലയിരുത്തല്‍
തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ സമിതി രൂപീകരിക്കാന്‍ ബിജെപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി പഠിക്കാന്‍ സമിതി രൂപീകരിക്കാന്‍ ബിജെപി ഓണ്‍ലൈനായി ചേര്‍ന്ന കോര്‍ കമ്മിറ്റി യോ​ഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പില്‍ വീഴ്ച ഉണ്ടായെന്നാണ് ബിജെപി വിലയിരുത്തല്‍. ബിഡിജെഎസ് തെരഞ്ഞെടുപ്പില്‍ മുന്നേറ്റം ഉണ്ടാക്കിയില്ലെന്ന് വിമര്‍ശനം ഉയര്‍ന്നു.

ഏക സിറ്റിങ് സീറ്റായ നേമം പോലും കൈവിട്ട ദയനീയ പരാജയത്തെ പ്രാഥമികമായി വിലയിരുത്തുന്നതിനാണ് ബിജെപി. അടിയന്തരമായി കോര്‍ കമ്മറ്റി യോഗം ഓണ്‍ലൈന്‍ ആയി ചേര്‍ന്നത്. ബിജെപിയുടെ ഉരുക്കുകോട്ടയായി പരിഗണിച്ചിരുന്ന നേമം നഷ്ടപ്പെട്ടത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അതില്‍ ഒരു മണ്ഡലമായ ചാത്തന്നൂരില്‍ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുപ്പതോളം മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തുമെന്ന് കരുതിയിരുന്നു. എന്നാല്‍ വെറും ഒമ്പതിടത്തു മാത്രമാണ് രണ്ടാമത് എത്താന്‍ സാധിച്ചത്.

ഇത്തവണ 11.3 ശതമാനം മാത്രമാണ് ബി.ജെ.പിയുടെ വോട്ട് വിഹിതം. 2016 ഇൽ ഇത് 15.01 ശതമാനമായിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയത് 15.53 ശതമാനമാണ്. ഇക്കഴിഞ്ഞ തദ്ദേശപ്പോരിൽ ലഭിച്ചത് 15.56 ശതമാനവും. സമീപകാലത്തെ എല്ലാ തെര‍ഞ്ഞെടുപ്പിനെക്കാളും കുറഞ്ഞുവോട്ടുകളാണിത്. രണ്ടാം കക്ഷിയായ ബിഡിജെഎസിനും മത്സരിച്ച എല്ലായിടത്തും വോട്ട് ഇടിഞ്ഞു. കോന്നിയില്‍ ഉപതെരഞ്ഞെടുപ്പിനെക്കാൾ 6975 വോട്ടുകൾ കുറഞ്ഞാണ് കെ സുരേന്ദ്രൻ ദയനീയമായി മൂന്നാമതെത്തിയത്.

ഇത്രയും പണം ചിലവഴിച്ചുള്ള പ്രചാരണം, ദേശീയ നേതാക്കന്മാര്‍ ഉള്‍പ്പെടെ എത്തി ക്യാമ്പ് ചെയ്ത് നടത്തിയ പ്രചരണം, ഇവയ്‌ക്കൊക്കെ ശേഷവും ദയനീയ പരാജയമുണ്ടായത് എന്തുകൊണ്ടെന്ന് പഠിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. സമിതി അംഗങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം തന്നെ 2016-ല്‍ നേടിയ വോട്ടിനേക്കാള്‍ കുറച്ച് വോട്ടാണ് ഇത്തവണ നേടിയത്. നാലായിരം വോട്ടുവരെ കുറഞ്ഞ മണ്ഡലങ്ങളുണ്ട്. ഈ പശ്ചാത്തലത്തിലാണ് സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കൂടാതെ ബി.ഡി.ജെ.എസിന്റെ ഭാഗത്തുനിന്ന് മോശം പ്രകടനമാണ് ഉണ്ടായതെന്നും ബിജെപി വിലയിരുത്തുന്നു. 2016-ല്‍ നാലുശതമാനം വോട്ട് ബി.ഡി.ജെ.എസ്. നേടിയിരുന്നു. എന്നാല്‍ ഇത്തവണ വോട്ട് വിഹിതത്തില്‍ വലിയ കുറവാണുണ്ടായത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com