പൗരത്വ നിയമ ഭേദഗതി ഉടന്‍ നടപ്പിലാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ

പാര്‍ലമെന്റ് പാസാക്കുകയും വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്‌തെങ്കിലും ചട്ടങ്ങള്‍ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ല
പൗരത്വ നിയമ ഭേദഗതി ഉടന്‍ നടപ്പിലാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ

സിൽഗുരി: രാജ്യത്ത് ഏറെ പ്രക്ഷോഭങ്ങൾക്ക് വാഴവെച്ച പൗരത്വ നിയമ ഭേദഗതി ഉടന്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കോവിഡ് പ്രതിസന്ധി കാരണമാണ് നിയമഭേദഗതി നടപ്പിലാക്കുന്നത് നീളുന്നത്. സ്ഥിതി മെല്ലെ മെച്ചപ്പെടാന്‍ തുടങ്ങിയ സാഹചര്യത്തില്‍ നിയമങ്ങള്‍ രൂപപ്പെടുത്തുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ടെന്നും നദ്ദ വ്യക്തമാക്കി. ബീഹാറിലെ സില്‍ഗുരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ രൂപപ്പെടുത്താന്‍ മൂന്ന് മാസം കൂടി വേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ അറിയിച്ചിരുന്നു. പാര്‍ലമെന്റ് പാസാക്കുകയും വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്‌തെങ്കിലും ചട്ടങ്ങള്‍ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ല.

അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന മുസ്ലിംകള്‍ ഒഴികെ മതവിഭാഗങ്ങള്‍ക്ക് രാജ്യത്ത് പൗരത്വം അനുവദിക്കുന്നതിനുള്ള ഭേദഗതിയാണ് പാസ്സാക്കിയത്. ഇത് കടുത്ത മത വിവേചനമായി രാജ്യത്ത് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതോടെ വലിയ പ്രക്ഷോഭങ്ങൾക്കാണ് രാജ്യം വേദിയായത്.

രാജ്യവ്യാപക പ്രക്ഷോഭം തുടരുന്നതിനിടെയാണ് കോവിഡ് ലോക്ഡൗണ്‍ നിലവില്‍ വന്നത്. ഇതോടെ പ്രതിഷേധ സമരങ്ങള്‍ തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സാമൂഹിക സാംസ്‌കാരിക രംഗം മെല്ലെ സജീവമായി വരുന്നതിനിടയിലാണ് നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ജെപി നദ്ദ പ്രഖ്യാപിച്ചിരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com