രാജസ്ഥാന്‍ ഓഡിയോ ടേപ്പ് വിവാദം മുറുകുന്നു; സിബിഐ അന്വേഷണം വേണമെന്ന്  ബിജെപി
Top News

രാജസ്ഥാന്‍ ഓഡിയോ ടേപ്പ് വിവാദം മുറുകുന്നു; സിബിഐ അന്വേഷണം വേണമെന്ന് ബിജെപി

ബിജെപി ഭരണഘടന അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്, അതിനാലാണ് വിവാദം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഗജേന്ദ്ര സിംഗ് ശെഖാവത്ത് പറഞ്ഞു.

By News Desk

Published on :

ജയ്‌പൂർ: രാജസ്ഥാനില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ പുറത്തു വന്ന ഓഡിയോ ടേപ്പ് വന്‍ വിവാദത്തിലേയ്ക്ക് നീങ്ങുന്നു. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന്‍റെ തെന്ന പേരില്‍ കോണ്‍ഗ്രസ് പുറത്തുവിട്ട ഓഡിയോ ടേപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

കൂടാതെ ബിജെപി ഈ വിഷയം മറ്റൊരു തലത്തിലേയ്ക്ക് വ്യാപിപ്പിക്കുകയാണ്. രാജസ്ഥാന്‍ സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണവും ബിജെപി ഉന്നയിച്ചു. രാജസ്ഥാന്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ നേതാക്കളുടെയും ഫോണ്‍ ചോര്‍ത്തുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

രാജസ്ഥാനില്‍ അധികാരത്തിലിരിക്കുന്ന ഗെഹ്‌ലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിമത എംഎല്‍എമാരുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിംഗ് ശെഖാവത്ത് ഗൂഢാലോചന നടത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇത് സംബന്ധിച്ച സംഭാഷണങ്ങള്‍ അടങ്ങിയ ഓഡിയോ ടേപ്പ് ആണ് പുറത്തു വിട്ടത് എന്നാണ് കോണ്‍ഗ്രസ്‌ പറയുന്നത്.

'രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്നതിന്‍റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ഇത് സിബിഐ അന്വേഷിക്കണം. ഫോണ്‍ ചോര്‍ത്തുന്നതില്‍ നിയമപരമായ പ്രശ്‌നങ്ങളില്ലേ? സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം', ബിജെപി വക്താവ് സംബിത് പത്രയും ആവശ്യപ്പെട്ടു.

സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിച്ചു എന്നാരോപിച്ച്, കോണ്‍ഗ്രസ്‌ വിമത എംഎല്‍എ ഭന്‍വര്‍ ലാല്‍ ശര്‍മയ്ക്കും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിനുമെതിരെ രാജസ്ഥാന്‍ പോലീസ് എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, ആരോപണം നിഷേധിച്ച് ഗജേന്ദ്ര സിംഗ് ശെഖാവത്ത് രംഗത്തെത്തി. ഓഡിയോ കൃത്രിമമായി നിര്‍മിച്ചതാണ്, കോണ്‍ഗ്രസിനുള്ളിലുള്ളവര്‍ തന്നെ ഗൂഢാലോചന നടത്തി ആ കുറ്റം ബിജെപിക്ക് മേല്‍ ആരോപിക്കുകയാണെന്നും ഗജേന്ദ്ര സിംഗ് ശെഖാവത്ത് പറഞ്ഞു. ബിജെപി ഭരണഘടന അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്, അതിനാലാണ് വിവാദം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയുമായി ചേര്‍ന്നാണ് വിമത എംഎല്‍എമാര്‍ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിനെതിരെ പദ്ധതിയൊരുക്കിയതെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. മറ്റൊരു ബിജെപി നേതാവ് സഞ്ജയ് ജെയിനുമായുള്ള സംഭാഷണവും പുറത്തുവന്നിരുന്നു. സര്‍ക്കാരിനെ വീഴ്ത്താന്‍ 15 ദിവസത്തോളം വേണ്ടിവരുമെന്നും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കേണ്ടതുണ്ടെന്നു൦ സംഭാഷണത്തില്‍ പറയുന്നതായി കോണ്‍ഗ്രസ്‌ ആരോപിച്ചു.

Anweshanam
www.anweshanam.com