ബിനീഷ് കോടിയേരി എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ബിനീഷിനെ കസ്റ്റഡിയിലെടുത്തത്.
ബിനീഷ് കോടിയേരി എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍

ബെംഗളുരു: സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ബിനീഷിനെ കസ്റ്റഡിയിലെടുത്തത്.

ബിനീഷിനെ ബംഗളൂരു സിറ്റി സിവില്‍ കോടതിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. മയക്കുമരുന്ന് കേസില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി അനൂപ് മുഹമ്മദിനെ ഇഡി നേരത്തെ ചോദ്യംചെയ്തിരുന്നു. നേരത്തേ ഇഡിക്കു മുമ്പാകെ ബിനീഷ് നല്‍കിയ മൊഴിയും അനൂപ് മുഹമ്മദ് നല്‍കിയ മൊഴിയും തമ്മില്‍ വൈരുധ്യങ്ങളുണ്ടെന്നാണ് വിവരം. അനൂപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വീണ്ടും ചോദ്യംചെയ്തത്. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് ഇഡി. സോണല്‍ ഓഫീസില്‍ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മില്‍ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇഡി അന്വേഷിക്കുന്നത്.

ഒക്ടോബര്‍ ആറിനാണ് ബിനീഷിനെ കോടിയേരിയെ ഇഡി ആദ്യമായി ചോദ്യംചെയ്തത്. ഇതിന്‌ശേഷം അനൂപ് മുഹമ്മദിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയില്‍ വാങ്ങിയാണ് സോണല്‍ ആസ്ഥാനത്ത് ചോദ്യം ചെയ്തത്. എന്നാല്‍ അനൂപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇഡി വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്.

ബിനീഷ് കോടിയേരി അനൂപിന് പണം നല്‍കി സഹായിച്ചിട്ടുണ്ട്. 50 ലക്ഷം രൂപ പല അക്കൗണ്ടുകളില്‍ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ട്. ഇത് നിക്ഷേപച്ചതാരാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത നല്‍കാന്‍ അനൂപിനായിട്ടില്ല. ഈ പണം എവിടെ നിന്നു വന്നു. ബെംഗളുരുവില്‍ ബിനീഷ് ബിനാമി ഇടപാടുകള്‍ നടത്തുന്നുണ്ടോ തുടങ്ങിയവയെല്ലാം ഇഡി അന്വേഷിക്കുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com