ബിനീഷിന്റെ വീട്ടിൽ ബാലാവകാശ കമ്മീഷൻ; കുട്ടി ഉൾപ്പെടെ ബന്ധുക്കൾ പുറത്തെത്തി; ഇഡി മടങ്ങി

ബാലാവകാശ കമ്മീഷനെ അകത്തേക്ക് കടത്തിവിടാനാവില്ലെന്ന് ഇഡി അംഗങ്ങള്‍ നിലപാടെടുത്തു
ബിനീഷിന്റെ വീട്ടിൽ ബാലാവകാശ കമ്മീഷൻ; കുട്ടി ഉൾപ്പെടെ ബന്ധുക്കൾ പുറത്തെത്തി; ഇഡി മടങ്ങി

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിനു മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധത്തിനിടെ സംസ്ഥാന ബാലാവകാശ കമ്മീഷനെത്തി. രണ്ടര വയസ് പ്രായമുള്ള ബിനീഷിന്റെ കുഞ്ഞിനെ നിയമവിരുദ്ധമായി തടവില്‍ വെച്ച്‌ മാനസികമായി പീഡിപ്പിക്കുന്നുവെന്ന ബിനീഷിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷനെത്തിയത്. അതേസമയം, 25 മണിക്കൂർ നീണ്ട പരിശോധന പൂർത്തിയാക്കി ഇഡി മടങ്ങി

കുട്ടിയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ പാടില്ലെന്നാണ് ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ വ്യക്തമാക്കി. എന്നാല്‍ ബാലാവകാശ കമ്മീഷനെ അകത്തേക്ക് കടത്തിവിടാനാവില്ലെന്ന് ഇഡി അംഗങ്ങള്‍ നിലപാടെടുത്തു. ഇതോടെ സ്ഥലത്ത് ബന്ധുക്കള്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് കുഞ്ഞിനെ പുറത്തുവിടണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു.

പിന്നാലെ ബാലാവകാശ കമ്മീഷന്‍ രേഖാമൂലം ഇഡിയോട് കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും വീട്ടിന് പുറത്തേക്ക് വിട്ടു. വീട്ടില്‍ നിന്ന് കണ്ടെടുത്തുവെന്ന് പറയുന്ന രേഖകളെ കുറിച്ച്‌ തങ്ങള്‍ക്ക് അറിയില്ലെന്നും ഒപ്പിടാനാകില്ലെന്ന് നിലപാടെടുത്തുവെന്നും സാധനങ്ങള്‍ എടുക്കുമ്പോള്‍ തങ്ങളെ കാണിച്ചില്ലെന്നും ബിനീഷിന്റെ ഭാര്യാമാതാവ് പ്രതികരിച്ചു.

എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് ബിനീഷിന്റെ ഭാര്യാ മാതാവ് പറഞ്ഞു. കുട്ടി ഭയന്നുപോയി. ആവശ്യത്തിനു ഭക്ഷണവും വസ്ത്രവും പോലും കയ്യിലില്ല. കൊന്നാലും ഇഡി പറയുന്ന രീതിയില്‍ ഒപ്പിടില്ല. വീട്ടില്‍ നിന്ന് എടുത്തത് എന്ന പേരില്‍ ഒപ്പിടാന്‍ പറഞ്ഞ രേഖകളെ കുറിച്ച്‌ തങ്ങള്‍ക്ക് അറിവില്ലാത്തതാണ്. ഇന്നലെ രാത്രി പതിനൊന്നരക്ക് റെയ്ഡ് തീര്‍ന്നതാണ് - അവർ വിശദീകരിച്ചു.

അതേസമയം, പ്രദേശത്ത് വൻ പൊലീസ് സന്നാഹം എത്തുകയാണ്. സംഘർഷ സാധ്യതയും പ്രതിഷേധ സാധ്യതയും നിലനിൽക്കുന്നത് ക്രമസമാധാന പ്രശ്‌നമാകുന്ന സാഹചര്യത്തിലാണ് പൊലീസ് സന്നാഹം വർധിപ്പിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com