ബിനീഷ് ആശുപത്രി വിട്ടു; കസ്റ്റഡി മർദനം ഉണ്ടായെന്ന് അഭിഭാഷകൻ

അത്യാഹിത വിഭാഗത്തില്‍ രണ്ടര മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമാണ് ബിനീഷിനെ ഇ.ഡി ഓഫിസിലേക്ക് കൊണ്ടുപോയത്
ബിനീഷ് ആശുപത്രി വിട്ടു; കസ്റ്റഡി മർദനം ഉണ്ടായെന്ന് അഭിഭാഷകൻ

ബെംഗളൂരു: ഇ.ഡിയുടെ ചോദ്യം ചെയ്യുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരി ആശുപത്രി വിട്ടു. അത്യാഹിത വിഭാഗത്തില്‍ രണ്ടര മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമാണ് ബിനീഷിനെ ഇ.ഡി ഓഫിസിലേക്ക് കൊണ്ടുപോയത്. ബിനീഷിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നതിനാലാണ് മറ്റ് ആശുപത്രികളിലേക്ക് മാറ്റാതിരുന്നതെന്നാണ് വിവരം.

അതേസമയം, ബിനീഷിനെ കാണാനെത്തിയ സഹോദരന്‍ ബിനോയിയെയും അഭിഭാഷകരെയും ആശുപത്രിയില്‍ തടഞ്ഞു. ബിനീഷിനെ ദേഹോപദ്രവം ഏല്‍പ്പിച്ചോയെന്ന് സംശയിക്കുന്നതായി അഭിഭാഷകര്‍ പറഞ്ഞു. ബിനീഷിന്റെ ആരോഗ്യ വിവരങ്ങള്‍ ഇ.ഡി നല്‍കുന്നില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിയിച്ചില്ല. എന്നാല്‍ ബിനീഷിനെ സ്കാനിങ്ങിന് വിധേയനാക്കിയെന്ന സൂചനകള്‍ ലഭിച്ചുവെന്നും അഭിഭാഷകന്‍ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.

കസ്റ്റഡി മർദനം ഉണ്ടായെന്നും അഭിഭാഷകന്‍ ആരോപിച്ചു. എന്താണ് ആരോഗ്യപ്രശ്നമെന്നോ ചികില്‍സയെന്നോ വ്യക്തമാക്കുന്നില്ല. സുപ്രീംകോടതി മാനദണ്ഡങ്ങള്‍ ഇ.ഡി ലംഘിക്കുകയാണ്. നാളെ ബിനീഷിനായി ജാ‌മ്യാ‌‌േപക്ഷ നൽകുമെന്നും അഭിഭാഷകന്‍ ബെംഗളൂരുവില്‍ പറഞ്ഞു.

നാല് മണിയോടെയാണ് ചോദ്യം ചെയ്യലിനിടയില്‍ ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. തുടര്‍ന്ന് ഇഡി ഉദ്യോഗസ്ഥര്‍ തന്നെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഇത് മൂന്നാം ദിവസമാണ് ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷിനെ ചോദ്യം ചെയ്യുന്നത്.

ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് സ്റ്റേറ്റ്‌മെന്റുകളില്‍ ബിനീഷ് ഒപ്പുവെക്കേണ്ടതുണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന നാളെയും ചോദ്യംചെയ്യല്‍ തുടരും. ഉച്ചയോടെ ചോദ്യംചെയ്യല്‍ അവസാനിപ്പിച്ച് കോടതിയിലേക്ക് കൊണ്ടുപോകാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്. ഇനി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ സാധ്യതയില്ല.

ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷിനെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും നടപടി തുടങ്ങി. ബിനീഷിനെതിരെ എൻഫോഴ്സ്മെന്‍റ് രജിസ്റ്റർ ചെയ്ത കേസിന്‍റെ വിവരങ്ങൾ എൻസിബി സോണൽ ഡയറക്ടർ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചു. എൻഫോഴ്സ്മെന്‍റ് കസ്റ്റഡി അവസാനിക്കുന്ന തിങ്കളാഴ്ച ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്ന് എൻസിബിയും ആവശ്യപ്പെട്ടേക്കും. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്‍റെ റിപ്പോർട്ട് ലഭിച്ച ശേഷം കർണാടക സർക്കാർ ആവശ്യപ്പെട്ടാൽ എൻഐഎയും കേസിൽ അന്വേഷണത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Related Stories

Anweshanam
www.anweshanam.com