അനൂപിനെ മറയാക്കി ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്ന് എൻഫോഴ്സ്മെന്റ്

കേസിൽ ബിനീഷ് കോടിയേരിയെ ഇന്ന് മുതൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും.
അനൂപിനെ മറയാക്കി ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്ന് എൻഫോഴ്സ്മെന്റ്

ബംഗളൂരു: മയക്കുമരുന്ന് കേസിൽ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാക്കി കമ്പനികൾ തുടങ്ങിയ ബിനീഷ് കോടിയേരി, ബിസിനസ് മറയാക്കി കള്ളപണം വെളുപ്പിച്ചുവെന്ന് എൻഫോഴ്സ്മെന്റ്. കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകൾ ചേർത്താണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്.

വിവിധ അക്കൗണ്ടുകളിൽ നിന്നായി നിരവധി തവണ അനൂപിന്റെ അക്കൊണ്ടിലേക്ക് പണമെത്തിയതായി ഇഡി കണ്ടെത്തി. ഈ അക്കൗണ്ടുകളിൽ പലതും ഇപ്പോൾ നിർജീവമാണ്. അനൂപിന്റെ ഷെൽ കമ്പനികളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.

2015 ൽ തുടങ്ങിയ ബി കാപിറ്റലും, എവിജെ ഹോസ്പിറ്റാലിറ്റീസും എന്തിന് വേണ്ടിയാണ് തുടങ്ങിയതെന്ന് ഇഡി അന്വേഷിക്കും. കടലാസ് കമ്പനികൾ തുടങ്ങി, മയക്കുമരുന്ന് കച്ചവടത്തിന് മറയാക്കിയോ എന്നതും അന്വേഷണ വിധേയമാകും.

ബംഗളൂരു ദൂരവാണിയിൽ 2015 ൽ രജിസ്റ്റർ ചെയ്തതാണ് ബി കാപിറ്റൽ എന്ന കമ്പനി. എന്നാലിത് 2018ൽ പൂട്ടുകയും ചെയ്തു. 2020 ഫെബ്രുവരിയിൽ കമ്മനഹള്ളിയിലാണ് എവിജെ ഹോസ്‌പിറ്റാലിറ്റീസ് എന്ന സ്ഥാപനം തുടങ്ങിയത്. പിന്നീട് മെയ് മാസത്തിൽ ഇതിന്റെയും പ്രവർത്തനം നിർത്തി.

കേസിൽ ബിനീഷ് കോടിയേരിയെ ഇന്ന് മുതൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. സമീപത്തെ പോലീസ് സ്റ്റേഷനിലാണ് ബിനീഷിനെ ഇന്നലെ പാർപ്പിച്ചത്. ഒൻപതരയോടെ ശാന്തി നഗറിലെ എൻഫോഴ്സ്മെന്റ് ആസ്ഥാനത്തേക്ക് കൊണ്ടുവരും. അതേസമയം ബിനീഷ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. മയക്കുമരുന്ന് കേസ് ആദ്യം രജിസ്റ്റർ ചെയ്ത എൻസിബിയും ഇന്ന് എൻഫോഴ്സ്മെന്റിൽ നിന്ന് വിവരങ്ങൾ തേടും.

Related Stories

Anweshanam
www.anweshanam.com