ആശ്വാസത്തിൽ ഡൽഹി; കോവിഡ് രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷത്തിലേക്കെത്തുന്നു. 97,693 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ മുകളിലാണ് ദിവസേന രോഗം ഭേദമാകുന്നവരുടെ എണ്ണം.
ആശ്വാസത്തിൽ ഡൽഹി; കോവിഡ് രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷത്തിലേക്കെത്തുന്നു. 97,693 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ മുകളിലാണ് ദിവസേന രോഗം ഭേദമാകുന്നവരുടെ എണ്ണം. രോഗമുക്തി നിരക്ക് 82.34 ശതമാനമായി ഉയർന്നു. രാജ്യത്ത് ഏറ്റവും ഉയർന്ന രോഗമുക്തി നിരക്ക് ഡൽഹിയിലാണ്.

കോവിഡ് പരിശോധനയുടെ എണ്ണവും കൂട്ടി. ഇതുവരെ ഏഴര ലക്ഷം സാമ്പിളുകളാണ് ഡൽഹിയിൽ പരിശോധിച്ചത്. പ്രതിദിന രോഗബാധ രണ്ടായിരത്തിൽ താഴെ കൊണ്ടുവരാനായതും ആശ്വാസമായി. കോവിഡ് മരണം കുറയ്ക്കുന്നതിലാണ് കൂടുതൽ ശ്രദ്ധയെന്ന് ഡൽഹി സർക്കാർ വ്യക്തമാക്കി.

അതേസമയം രാജ്യത്ത് ഇതുവരെ 1,30,72,718 സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ 3,33,228 സാമ്പിളുകള്‍ പരിശോധിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന സാമ്പിള്‍ പരിശോധനയാണിത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തില്‍ നിന്ന് 10 ലക്ഷത്തിലേക്ക് എത്താന്‍ എടുത്തത് വെറും 20 ദിവസമാണ്. പ്രതിദിന വര്‍ദ്ധന മുപ്പതിനായിരത്തിന് മുകളിലേക്ക് ഉയരുമ്പോള്‍ അടുത്ത 20 ദിവസത്തില്‍ രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടക്കാനാണ് സാധ്യത.

10,03,832 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 34,956 പേര്‍ക്ക് രോഗം ബാധിക്കുകയും 687 പേര്‍ മരണമടയുകയും ചെയ്തു. ഇന്ത്യയില്‍ ഇതുവരെ 25602 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ആദ്യ കോവിഡ് കേസ് ജനുവരി 30നായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com