നിശ്ചലമായി രാജ്യം: ഇന്ന് ഭാരത് ബന്ദ്, കേരളത്തെ ഒഴിവാക്കി

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഭാരത് ബന്ദ് പുരോഗമിക്കുന്നത്.
നിശ്ചലമായി രാജ്യം: ഇന്ന് ഭാരത് ബന്ദ്, കേരളത്തെ ഒഴിവാക്കി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഭാരത് ബന്ദ് പുരോഗമിക്കുന്നത്. രാജ്യവ്യാപകമായി റോഡുകളും ടോള്‍ പ്ലാസകളും ഉപരോധിക്കും.

പൊതുഗതാഗതം, ചരക്കു നീക്കം, ബാങ്കിംഗ് തുടങ്ങിയ മേഖലകളെയും ബാധിക്കും. അവശ്യ സര്‍വീസുകള്‍ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ തടയുകയോ, നിര്‍ബന്ധമായും കടകള്‍ അടുപ്പിക്കുകയോ ചെയ്താല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പായതിനാല്‍ കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, ബന്ദ് സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിട്ടുണ്ട്. കോണ്‍ഗ്രസും സിപിഎമ്മും അടക്കം 25 രാഷ്ട്രീയകക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ച ബന്തില്‍ ബിജെപി സഖ്യകക്ഷികളായ അസം ഗണപരിഷത്, രാജസ്ഥാനിലെ ആര്‍.എല്‍.പി എന്നിവയും അണിനിരക്കും. ഹരിയാന ഡല്‍ഹി അതിര്‍ത്തിയായ സിംഗുവാണ് കര്‍ഷക സമരത്തിന്റെ ശ്രദ്ധാകേന്ദ്രം. പത്തോളം പ്രതിപക്ഷ ട്രേഡ് യൂണിയനുകളും വിവിധ വിദ്യാര്‍ത്ഥി സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘപരിവാര്‍ സംഘടനയായ ഭാരതീയ കിസാന്‍ സംഘ് ബന്ദില്‍ പങ്കെടുക്കില്ല. കോണ്‍ഫെഡറേഷന്‍ ഒഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സും ബന്ദിനെ പിന്തുണയ്ക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ സമരത്തിന്റെ ഭാഗമായി സിംഗു അതിര്‍ത്തിയിലുണ്ട്. സമരം ശക്തമായി നടക്കുന്ന പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ബന്ദ് ജനജീവിതത്തെ കാര്യമായി ബാധിക്കും. ഇരു സംസ്ഥാനങ്ങളിലും മൂന്നു മണി വരെ കര്‍ഷകര്‍ റോഡ് ഉപരോധിക്കും.

തെലങ്കാനയില്‍ 10 മുതല്‍ 12 വരെ വഴി തടയും. ഡല്‍ഹിയില്‍ 11 മണി മുതല്‍ മൂന്നു മണി വരെ റോഡുകള്‍ ഉപരോധിക്കാനാണ് തീരുമാനം. അതേസമയം, പ്രശ്‌നപരിഹാരത്തിനായി കേന്ദ്രസര്‍ക്കാര്‍ നാളെ കര്‍ഷക നേതാക്കളുമായി ആറാം വട്ട ചര്‍ച്ച നടത്തും. അതിനു മുന്‍പ് പ്രശ്നപരിഹാരത്തിനുള്ള നിര്‍ദ്ദേശം രേഖാമൂലം കര്‍ഷക സംഘടനകള്‍ക്ക് കൈമാറും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com