നാളെ ഭാരത് ബന്ദ്: പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

കോണ്‍ഗ്രസ്, എന്‍സിപി, ആര്‍ജെഡി, സമാജ് വാദി പാര്‍ട്ടി, ഡിഎംകെ, ആംആദ്മി, ടി.ആര്‍.എസ് തുടങ്ങിയ പാര്‍ട്ടികളും ജമ്മുകാശ്മീരിലെ ഗുപ്കാര്‍ സഖ്യവും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.
നാളെ ഭാരത് ബന്ദ്: പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചുള്ള ഭാരത് ബന്ദ് നാളെ. ബന്ദിന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ്, എന്‍സിപി, ആര്‍ജെഡി, സമാജ് വാദി പാര്‍ട്ടി, ഡിഎംകെ, ആംആദ്മി, ടി.ആര്‍.എസ് തുടങ്ങിയ പാര്‍ട്ടികളും ജമ്മുകാശ്മീരിലെ ഗുപ്കാര്‍ സഖ്യവും പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, ഭാരതീയ കിസാന്‍ സംഘ് ബന്ദില്‍ പങ്കെടുക്കില്ല.

സമരത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ നാല് സുപ്രധാന അതിര്‍ത്തികളും അടച്ചു. കേന്ദ്ര സര്‍ക്കാരുമായുള്ള നാലാംഘട്ട ചര്‍ച്ച മറ്റന്നാള്‍ നടക്കും. സിങ്കു അതിര്‍ത്തിക്ക് പുറമെ ഔച്ചാണ്ടി, പ്യാവോ മനിയാരി, മംഗേഷ് എന്നിവയാണ് പുതുതായി അടച്ച അതിര്‍ത്തികള്‍.

അതേസമയം, ഭാരത് ബന്ദിന്പൂര്‍ണ പിന്തുണ അറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരും കര്‍ഷകരെ പിന്തുണയ്ക്കണമെന്നും ബന്ദില്‍ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കര്‍ഷകരുടെ ക്ഷമ പ്രധാനമന്ത്രി പരീക്ഷിക്കരുതെന്നും എത്രയും വേഗം നിയമങ്ങള്‍ പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വ്യക്തമാക്കി. തമിഴ്നാട്ടില്‍ ഡിഎംകെ അദ്ധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു.

സിപിഎം, സിപിഐ, സിപിഐ (എംഎല്‍), ആര്‍എസ്പി, ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ ഇടത് പാര്‍ട്ടികളും സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ ട്രേഡ് യൂണിയനുകളും കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com