ദേശവ്യാപകമായി കര്‍ഷക പ്രതിഷേധം; റെയില്‍ റോഡ് ഗതാഗതം സ്തംഭിച്ചു

ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ദേശവ്യാപകമായി കര്‍ഷക പ്രതിഷേധം; റെയില്‍ റോഡ് ഗതാഗതം സ്തംഭിച്ചു

ന്യൂ ഡല്‍ഹി: പാര്‍ലമെന്റ്‌ പാസാക്കിയ കര്‍ഷക ബില്ലുകളില്‍ പ്രതിഷേധിച്ച് ദേശ വ്യാപകമായി കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ റെയില്‍ റോഡ് ഗതാഗതം സ്തംഭിച്ചു. ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ അയോധ്യ ലക്‌നൗ ദേശീയ പാതകള്‍ ഉപരോധിച്ചു. റെയില്‍വേ ട്രാക്കുകള്‍ ഉപരോധിച്ചും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷക പ്രതിഷേധം നടക്കുന്നുണ്ട്.

ഓള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് യൂണിയന്‍, ഭാരതീയ കിസാന്‍ യൂണിയന്‍, ഓണ്‍ ഇന്ത്യാ കിസാന്‍ മഹാസഭാ, തുടങ്ങി 75 ല്‍ പരം കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളില്‍ ബന്ദ് പൂര്‍ണമാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇവിടങ്ങളില്‍ പ്രതിപക്ഷ സംഘടനകളുടെ പൂര്‍ണ പിന്തുണയോടെയാണ് ബന്ദ്.

ഈ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പഞ്ചാബില്‍ കര്‍ഷകര്‍ ഡല്‍ഹി -അമൃത്സര്‍ ദേശീയ പാത ഉപരോധിച്ചു. ഭാരതീയ കിസാന്‍ യൂണിയന്റെയും, റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പഞ്ചാബില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ഡിഎ ഘടക കക്ഷിയായ ശിരോമണി അകാലിദളും ബന്ദിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊഴികെ ബന്ദില്‍ ജനജീവിതം സ്തംഭിച്ചു.

ഉത്തര്‍പ്രദേശില്‍ പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടിയായ സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ബന്ദ് നടക്കുന്നത്. പ്രധാനപ്പെട്ട കര്‍ഷക പാര്‍ട്ടികളെല്ലാം തന്നെ ഇന്ന് ഡല്‍ഹിയിലെ ജന്ദര്‍മന്ദിറില്‍ ധര്‍ണയ്ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 11.30നാണ് ധര്‍ണ ആരംഭിക്കുക.

Related Stories

Anweshanam
www.anweshanam.com