കർഷക സംഘടനകളുടെ ഭാരത് ബന്ദ് നാളെ; സംസ്ഥാനങ്ങൾക്ക് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

കേരളത്തെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്
കർഷക സംഘടനകളുടെ ഭാരത് ബന്ദ് നാളെ; സംസ്ഥാനങ്ങൾക്ക് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

തിരുവനന്തപുരം: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. സമാധാനപരമായ പ്രതിഷേധത്തിനാണ് ഭാരത് ബന്ദിലൂടെ കര്‍ഷക സംഘടനകള്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്. രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങി മൂന്ന് മണിക്ക് അവസാനിക്കും. അവശ്യസര്‍വ്വീസുകളെ തടസപ്പെടുത്തില്ല.

അതേസമയം, കേരളത്തെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് കേരളത്തെ ഒഴിവാക്കിയത്. കോണ്‍ഗ്രസും, ഇടത് പാര്‍ട്ടികളുമടക്കം 18 പ്രതിപക്ഷ കക്ഷികള്‍ ഭാരത് ബന്ദിന് പിന്തുണയറിയിച്ചിട്ടുണ്ട്.

ബന്ദിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്കുള്ള മാർ​ഗ നിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. പൊതുജന താത്പര്യങ്ങൾ ബന്ദിന്റെ പേരിൽ ഹനിക്കരുതെന്നും പൊതു ജനങ്ങൾക്ക് എല്ലാ സംരക്ഷണവും നൽകണമെന്നും കേന്ദ്ര സർക്കാർ മാർ​ഗ നിർദേശത്തിൽ പറയുന്നു.

കോവിഡ് ചട്ടങ്ങൾ ലംഘിക്കാതിരിക്കാൻ ശക്തമായ നടപടി വേണമെന്നും ക്രമസമാധാനം ഭദ്രമാണെന്ന് സംസ്ഥാനങ്ങൾ ഉറപ്പ് വരുത്തണമെന്നും മാർ​ഗ നിർദേശത്തിൽ പറയുന്നു.

കര്‍ഷകര്‍ പ്രതിഷേധം കടുപ്പിച്ചിട്ടും നിയമത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് ആവര്‍ത്തിച്ചു. നിയമം കര്‍ഷകര്‍ക്ക് വേണ്ടിയാണെന്ന് വാദിച്ച നിയമമന്ത്രി പ്രതിപക്ഷം ഇരട്ടത്താപ്പ് കാട്ടുകയാണന്ന് കുറ്റപ്പെടുത്തി. എപിഎംസി നിയമം റദ്ദു ചെയ്യാന്‍ യുപിഎ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. 2019ലെ പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com