കേന്ദ്രത്തില്‍ നിന്ന് കിട്ടാനായി കാത്തുനില്‍ക്കില്ല; വാക്‌സിന്‍ നേരിട്ട് വാങ്ങാന്‍ നടപടി തുടങ്ങി

18 മുതൽ 45 വരെയുള്ളവർക്ക് കൊവിഡ് വാക്‌സിൻ മെയ് ഒന്ന് മുതൽ ആരംഭിക്കും
കേന്ദ്രത്തില്‍ നിന്ന് കിട്ടാനായി കാത്തുനില്‍ക്കില്ല; വാക്‌സിന്‍ നേരിട്ട് വാങ്ങാന്‍ നടപടി തുടങ്ങി

തിരുവനന്തപുരം: വാക്‌സിന്‍ വാങ്ങാനുള്ള നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജ​യന്‍. കൂടുതൽ വാക്‌സിന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല് വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്ന് കിട്ടാന്‍ മാത്രം കാത്തുനില്‍ക്കില്ല. വാക്‌സിന്‍ കമ്പനികളുമായി ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോ​ഗ്യസെക്രട്ടറി എന്നിവർ ചേർന്ന് നടത്തുന്ന ചർച്ചയ്ക്ക് ശേഷം വാക്‌സിന് ഓർഡർ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

18 മുതൽ 45 വരെയുള്ളവർക്ക് കൊവിഡ് വാക്‌സിൻ മെയ് ഒന്ന് മുതൽ ആരംഭിക്കും. ഈ വിഭാ​ഗത്തിൽപ്പെട്ട 1.65 കോടിയാളുകൾ കേരളത്തിലുണ്ട്. അതിനാൽ തന്നെ വാക്സീൻ നൽകുന്നതിൽ ക്രമീകരണം വേണം. അനാവശ്യ ആശങ്ക ഒഴിവാക്കാൻ സംവിധാനം കൊണ്ടു വരും. രണ്ടോ മൂന്നോ ഘട്ടമായി വാക്സീൻ നൽകാനാണ് ആലോചിക്കുന്നത്. അസുഖമുള്ളവ‍ർക്ക് മുൻ​ഗണനയുണ്ടാവും. ഇതിനുള്ള സംവിധാനമൊരുക്കാൻ വിദ​ഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തി.

95 ശതമാനം രോഗ സാധ്യത വാക്‌സിൻ കുറയ്ക്കും. എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. വാക്‌സിൻ എടുത്തവർ അലംഭാവത്തോടെ നടക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി

വാക്‌സിനേഷന് ഓൺലൈൻ രജിസ്‌ട്രേഷൻ മതിയാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്‌പോട്ട് രജിസ്‌ട്രേഷൻ നേരത്തെ നടത്തിയവർക്ക് വാക്‌സിൻ ലഭിക്കും. ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചവർ ആശങ്കപ്പെടേണ്ടെന്നും 12 ആഴ്ച വൈകി വരെ കൊവിഷീൽഡ് രണ്ടാം ഡോസ് സ്വീകരിക്കാൻ സമയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാൻ വാക്‌സിനേഷൻ സെന്ററുകളിൽ തിരക്ക് കൂട്ടണ്ട. വാക്‌സിൻ കേന്ദ്രങ്ങളിൽ തിരക്കൊഴിവാക്കാൻ കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്സീൻ എടുത്തവരിൽ രോഗബാധ കുറവെന്ന ഐസിഎംആർ റിപ്പോർട്ട് ഇതിനിടെ പുറത്തുവന്നു. ഇതുവരെ നല്കിയത് കൊവാക്സീൻറെ ഒരു കോടി പത്തുലക്ഷം ഡോസുകൾ. ഇതിൽ 4906 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഷീൽഡ് സ്വീകരിച്ച പതിനൊന്ന് കോടി അറുപത് ലക്ഷം പേരിൽ 22,159 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 0.3 ശതമാനം മാത്രം. വാക്സീൻ സ്വീകരിച്ചവരിൽ കൊവിഡിൻറെ തീവ്രത കുറവാണെന്നും ഐഎസിഎംആർ പറയുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com