പ്രശാന്ത് ഭൂഷണ് വിലക്കേര്‍പ്പെടുത്താനുള്ള സാധ്യത പരിശോധിക്കും
Top News

പ്രശാന്ത് ഭൂഷണ് വിലക്കേര്‍പ്പെടുത്താനുള്ള സാധ്യത പരിശോധിക്കും

ട്വീറ്റുകളും കോടതിയുടെ വിധിന്യായവും സമഗ്രമായ പഠനത്തിന് വിധേയമാക്കും.

News Desk

News Desk

ന്യൂ ഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യം ചുമത്താന്‍ കാരണമായ ട്വീറ്റുകളും കോടതിയുടെ വിധിന്യായവും സമഗ്രമായ പഠനത്തിനും പരിശോധനയ്ക്കും വിധേയമാക്കണമെന്ന് വ്യക്തമാക്കി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ).

അദ്ദേഹം തന്റെ പൊഫ്രഷന്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും നിയമപരമായി അഭിഭാഷക വൃത്തിയില്‍ തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയുണ്ടോ എന്നും തീരുമാനിക്കാന്‍ ഇത് ഉപകരിക്കുമെന്നാണ് ബാര്‍ കൗണ്‍സിലിന്റെ വിലയിരുത്തല്‍.

നിയമപരമായ വസ്തുതകള്‍ പരിശോധിച്ച് വിഷയത്തില്‍ വേഗത്തില്‍ തീരുമാനം എടുക്കാന്‍ പ്രശാന്ത് ഭൂഷണ്‍ എന്‍ട്രോള്‍ ചെയ്ത ഡല്‍ഹി ബാര്‍ കൗണ്‍സിലിനോട് നിര്‍ദ്ദേശിക്കാന്‍ തീരുമാനിച്ചതായും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.

പ്രശാന്ത് ഭൂഷണെതിരെ ചുമത്തിയ കോടതിയലക്ഷ്യക്കേസില്‍ അദ്ദേഹം കുറ്റക്കരനാണെന്ന് വിധിച്ച സുപ്രീംകോടതി പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ അടയ്ക്കാന്‍ വിധിച്ചിരുന്നു. പ്രശാന്ത് ഭൂഷണ്‍ ഒരു രൂപയടക്കാന്‍ തയ്യാറായില്ലെങ്കില് മൂന്ന് മാസം ജയിലില്‍ കഴിയേണ്ടി വരും. കൂടാതെ പ്രാക്ടീസില്‍ നിന്നും മൂന്ന് വര്‍ഷത്തേക്ക് അദ്ദേഹത്തെ വിലക്കുകയും ചെയ്യും. സെപ്റ്റംബര്‍ 15 നകം പിഴയായ ഒരു രൂപ അടയ്ക്കാന്‍ കോടതി പറഞ്ഞു.

ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചെന്നാരോപിച്ചായിരുന്നു പ്രശാന്ത് ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.

Anweshanam
www.anweshanam.com