ചൈനീസ് ആപ്പുകൾ ഇന്ത്യയുടെ പരമാധികാരവും സുരക്ഷയും ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം
Top News

ചൈനീസ് ആപ്പുകൾ ഇന്ത്യയുടെ പരമാധികാരവും സുരക്ഷയും ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം

പബ്ജി നിരോധിച്ചത് കമ്പനികളുടെ നിയമപരമായ അവകാശം ഹനിക്കുന്നതാണെന്ന് ചൈന ആരോപിച്ചു.

News Desk

News Desk

ന്യൂഡൽഹി: പബ്ജിയടക്കം രാജ്യത്ത് നിരോധിച്ച 118 ചൈനീസ് ആപ്പുകളുടെ കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം. ചൈനീസ് ആപ്പുകൾ ഇന്ത്യയുടെ പരമാധികാരവും സുരക്ഷയും ലംഘിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിരോധിച്ച ആപ്പുകൾ നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയെന്നാണ് വിശദീകരണം. പബ്ജി നിരോധിച്ചത് കമ്പനികളുടെ നിയമപരമായ അവകാശം ഹനിക്കുന്നതാണെന്ന് ചൈന ആരോപിച്ചു.

അതിർത്തിയിൽ ചൈന ഏകപക്ഷീയമായ തൽസ്ഥിതി മാറ്റാൻ ശ്രമിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ബ്രിഗേഡ് കമാൻഡർതല ചർച്ച തുടരുന്നുകയാണെന്നും ചൈനയുടെ നടപടികളാണ് അതിർത്തിയിലെ സമാധാനത്തിന് തടസ്സം നിൽക്കുന്നതെന്നും കേന്ദ്ര മന്ത്രാലയം പറഞ്ഞു. പൂർണ്ണ പിന്മാറ്റത്തിന് ചൈന തയ്യാറായാലേ മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനാകൂ എന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലുമായി രണ്ടു തവണ അതിർത്തി ലംഘിക്കാൻ ചൈന നടത്തിയ നീക്കം ഇന്ത്യ ചെറുത്തിരുന്നു. മലനിരകളിൽ സേനയെ നിയോഗിച്ചാണ് ഇന്ത്യ ചൈനയ്ക്ക് ചുട്ട മറുപടി നല്കുന്നത്. ഇതുവരെ കടക്കാത്ത പ്രദേശങ്ങളിൽ ചൈനീസ് ടാങ്കുകൾ തകർക്കാൻ കഴിയുന്ന മിസൈലുകൾ വരെ എത്തിച്ചാണ് പ്രതിരോധം. അതിർത്തിയിലെ തയ്യാറെടുപ്പ് സേനാ മേധാവിമാർ നേരിട്ട് വിലയിരുത്തുകയാണ്. കരസേന മേധാവി ജനറൽ എംഎൽ നരവനെ രണ്ടു ദിവസം ലഡാക്കിലുണ്ടാകും. കിഴക്കൻ കമാൻഡിലെ മറ്റു മേഖലകളിൽ എത്തി വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ സ്ഥിതി നിരീക്ഷിച്ചു. എന്തിനും സജ്ജമെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യോമസേന മേധാവിയെ അറിയിച്ചു. സ്ഥിതി വഷളാകുന്നതിൻറെ ഉത്തരവാദിത്തം ചൈനയ്ക്കാണെന്ന് ഇന്ത്യ തുറന്നടിച്ചു.

Anweshanam
www.anweshanam.com