ബംഗളൂരുവില്‍ സംഘര്‍ഷം: പൊലീസ് വെടിവയ്പ്പില്‍ മരണം മൂന്നായി, കര്‍ശന നടപടിയെടുക്കുമെന്ന് യെദിയൂരപ്പ
Top News

ബംഗളൂരുവില്‍ സംഘര്‍ഷം: പൊലീസ് വെടിവയ്പ്പില്‍ മരണം മൂന്നായി, കര്‍ശന നടപടിയെടുക്കുമെന്ന് യെദിയൂരപ്പ

ബംഗളൂര്‍ നഗരത്തിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. 110 പേര്‍ അറസ്റ്റിലായി.

News Desk

News Desk

ബംഗളൂരു: ബംഗളൂര്‍ നഗരത്തിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. 110 പേര്‍ അറസ്റ്റിലായി. സംഘര്‍ഷത്തിനിടെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ അറുപതോളം പേര്‍ക്ക് പരുക്കേറ്റത്. അതേസമയം അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനുമെതിരായ അക്രമം അംഗീകരിക്കാനാവില്ല. സമാധാനം പാലിക്കണമെന്നും യെദിയൂരപ്പ ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.

കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു നവീന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മതവിദ്വേഷ കാര്‍ട്ടൂണിന്റെ പേരിലാണ് നഗരത്തില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. എംഎല്‍എയുടെ വീട് പ്രതിഷേധക്കാര്‍ ആക്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. സംഭവത്തില്‍ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ട് മണിയോടെ എംഎല്‍എയുടെ കാവല്‍ബൈരസന്ദ്രയിലെ വീടിനു നേര്‍ക്ക് അക്രമികള്‍ കല്ലേറു നടത്തിയത്. തുടര്‍ന്ന് അക്രമികള്‍ പൊലീസിനു നേരെ തിരിഞ്ഞു. അക്രമികള്‍ കാവല്‍ബൈരസന്ദ്ര, ഭാരതിനഗര്‍, താനറി റോഡ് എന്നിവിടങ്ങളിലായി പതിനഞ്ചിലേറെ വാഹനങ്ങള്‍ക്കു തീവച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ബംഗളൂരു നഗരപരിധിയില്‍ നിരോധനാജ്ഞയും ഡി ജെ ഹള്ളി, കെജെ ഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു. സിറ്റി പൊലീസ് കമ്മിഷണര്‍ കമാല്‍ പാന്തിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. എന്നാല്‍ തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്തതാണെന്നും താനല്ല വിവാദ പോസ്റ്റിട്ടതെന്നുമാണ് നവീന്റെ പ്രതികരണം.

Anweshanam
www.anweshanam.com