ബാബറി മസ്ജിദ് കേസ്; സെപ്തംബര്‍ 30ന് കോടതി വിധി, അദ്വാനിയും ജോഷിയും ഉമാഭാരതിയും ഹാജരാകണം

എല്‍കെ അദ്വാനിക്കൊപ്പം മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിംഗ്, ഉമാഭാരതി തുടങ്ങി മുപ്പത്തിരണ്ടോളം പേര്‍ കേസില്‍ പ്രതികളാണ്.
ബാബറി മസ്ജിദ് കേസ്; സെപ്തംബര്‍ 30ന് കോടതി വിധി, അദ്വാനിയും ജോഷിയും ഉമാഭാരതിയും ഹാജരാകണം

ന്യൂഡെല്‍ഹി: ബാബറി മസ്ജിദ് ആക്രമണ കേസില്‍ സെപ്തംബര്‍ 30ന് ലഖ്നൗ പ്രത്യേക സിബിഐ കോടതി വിധി പറയും. എല്‍കെ അദ്വാനി ഉള്‍പ്പടെയുളള എല്ലാ പ്രതികളും അന്ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എല്‍കെ അദ്വാനിക്കൊപ്പം മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിംഗ്, ഉമാഭാരതി തുടങ്ങി മുപ്പത്തിരണ്ടോളം പേര്‍ കേസില്‍ പ്രതികളാണ്.

ലഖ്നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിക്കുക. എല്ലാ ദിവസവും വിചാരണ നടത്തി ഓഗസ്റ്റ് 31 നകം വിധി പ്രസ്താവിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ വിചാരണ അന്തിമഘട്ടത്തിലാണെന്നതും ലോക്ക്ഡൗണ്‍ അടക്കമുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടി പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സെപ്തംബര്‍ 30 വരെ വിചാരണ പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കാന്‍ സമയം നീട്ടിനല്‍കുകയായിരുന്നു.

1992 ഡിസംബര്‍ ആറിനാണ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ബാബറി മസ്ജിദ് തകര്‍ത്തത്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളി പൊളിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് അദ്വാനി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയുള്ള കുറ്റം. അദ്വാനിയും മുരളി മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴി നല്‍കിയിരുന്നു. എല്ലാ കുറ്റങ്ങളും അദ്വാനിയും ജോഷിയും നിഷേധിക്കുകയായിരുന്നു.

Related Stories

Anweshanam
www.anweshanam.com