ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ അദ്വാനി അടക്കം എല്ലാ പ്രതികളേയും വെറുതേവിട്ടു

പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിച്ചത്.
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ അദ്വാനി അടക്കം എല്ലാ പ്രതികളേയും വെറുതേവിട്ടു

ലക്‌നൗ: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ അദ്വാനി അടക്കം എല്ലാ പ്രതികളേയും വെറുതേവിട്ടു. പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിച്ചത്. 2000 പേജാണ് വിധി പ്രസ്താവത്തിനുള്ളത്.

ബാബറി മസ്ജിദ് മുന്‍കൂട്ടി ആസൂത്രണം ചെയ്തു തകര്‍ത്തതല്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ തെളിവില്ലെന്നും കോടതി പറഞ്ഞു. 27 കൊല്ലം പഴക്കമുള്ള ക്രിമിനല്‍ കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേരാണ് പ്രതികള്‍. ഉത്തര്‍പ്രദേശില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

1992 ഡിസംബര്‍ 6 ആണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നത്. ബബറി മസ്ജിദ് കേസ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ലിബറാന്‍ കമ്മീഷന്റ് റിപ്പോര്‍ട്ട് 17 വര്‍ഷം വൈകിയെങ്കില്‍, 28 വര്‍ഷത്തിന് ശേഷമാണ് മസ്ജിദ് തകര്‍ത്ത കേസിലെ വിധി വരുന്നത്. കോവിഡ് രോഗ വ്യാപനം മുന്‍നിര്‍ത്തി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അദ്വാനിയുടെ വിചാരണ പൂര്‍ത്തിയാക്കിയത്. 354 സാക്ഷികളെ വിസ്തരിച്ചു.

ആയിരക്കണക്കിന് രേഖകള്‍ പരിശോധിച്ചു. ബാബറി മസിജ്ദ് തകര്‍ത്തത് കുറ്റമാണെന്ന് അയോദ്ധ്യ ഭൂമി തര്‍ക്ക കേസിലെ വിധിയില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി അനുമതിയോടെ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മാണം ആരംഭിച്ചിരിക്കെയാണ് മസ്ജിദ് തകര്‍ത്ത കേസില്‍ വിധി എന്നതും ശ്രദ്ധേയമാണ്.

മസ്ജിദ് തകര്‍ത്തതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ഗൂഢാലോചന നടത്തിയിട്ടില്ലെന്നുമാണ് എല്‍ കെ അദ്വാനിയും ജോഷിയും മൊഴി നല്‍കിയത്. പക്ഷെ, മസ്ജിദ് തകര്‍ക്കുമ്പോള്‍ ഈ നേതാക്കളുടെയെല്ലാം സാന്നിധ്യം ആ പ്രദേശത്ത് ഉണ്ടായിരുന്നു. ഇതെല്ലാം കോടതി വിശദമായി പരിശോധിച്ചു. 2001ല്‍ ഗൂഢാലോചന കുറ്റത്തില്‍ നിന്ന് അദ്വാനി ഉള്‍പ്പടെയുള്ളവരെ അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. അത് റദ്ദാക്കിയ സുപ്രീംകോടതി കേസില്‍ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് 2017 ല്‍ വിധിക്കുകയായിരുന്നു. വിചാരണക്കായി പ്രത്യേക കോടതിയും രൂപീകരിച്ചു.

Related Stories

Anweshanam
www.anweshanam.com