ലഡാക്കിലെ സംഘര്‍ഷമേഖലകളില്‍ തല്‍സ്ഥിതി പുനഃസ്ഥാപിക്കണം: രാജ്‌നാഥ് സിങ്
Top News

ലഡാക്കിലെ സംഘര്‍ഷമേഖലകളില്‍ തല്‍സ്ഥിതി പുനഃസ്ഥാപിക്കണം: രാജ്‌നാഥ് സിങ്

ലഡാക്ക് സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് ഉന്നത നേതൃത്വതലത്തിലുള്ള യോഗം നടക്കുന്നത്.

News Desk

News Desk

മോസ്‌കോ: ലഡാക്കിലെ സംഘര്‍ഷമേഖലകളെല്ലാം മെയ് മാസത്തിനുമുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും തല്‍സ്ഥിതി പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തിനെത്തിയ വേളയില്‍‌ ചൈനീസ് പ്രതിരോധ മന്ത്രി ജെനറല്‍ വെയ് ഫെങ്ങുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തി. ഈ യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

ലഡാക്ക് സംഘര്‍ഷത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ഉന്നത നേതൃത്വതലത്തിലുള്ള യോഗമാണ് ഇത്. ചര്‍ച്ച രണ്ട് മണിക്കൂര്‍ 20 മിനിറ്റ് നീണ്ടുനിന്നു. ചൈനയാണ് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത്. പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍, റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി ഡി.ബി വെങ്കടേശ് വര്‍മ്മ എന്നിവര്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം യോഗത്തില്‍ പങ്കെടുത്തു.

പാംഗോങ് തടാക മേഖലയില്‍ പുതിയ കൈയേറ്റ ശ്രമം ചൈനയുടെ ഭാഗത്തുനിന്നുണ്ടായതിനെപ്പറ്റി ഇന്ത്യ ഈ യോഗത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

ഇന്ത്യ- ചൈന ചര്‍ച്ചയ്ക്ക് മുമ്പുനടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ സമാധാനവും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താന്‍ വിശ്വാസ്യത, സഹകരണം, ആക്രമണോത്സുകത കാട്ടാതിരിക്കല്‍, അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും അനുസരിക്കല്‍, പരസ്പര താത്പര്യങ്ങള്‍ മാനിക്കല്‍, ഭിന്നതകള്‍ സമാധാനപൂര്‍വം പരിഹരിക്കല്‍ എന്നിവ ആവശ്യമാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു.

Anweshanam
www.anweshanam.com