
തിരുവനന്തപുരം: കാലടി സംസ്കൃത സര്‍വകലാശാലയിലെ മലയാളവിഭാഗത്തില്‍ എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇന്ന് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കും. വിഹിക്മത്തുള്ള, സേവ് യൂനിവേഴ്സിറ്റി ഫോറം എന്നിവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വൈസ് ചാന്‍സലര്‍ ധര്‍മരാജ് അടാട്ടില്‍ നിന്ന് വിശദീകരണം തേടിയത്.
റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് നിനിത കണിച്ചേരിക്ക് നിയമനം നല്‍കിയെന്നാണ് ആരോപണം. എന്നാല്‍ അട്ടിമറി നടന്നിട്ടില്ലെന്നും 2018 ലെ യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിനിതയ്ക്ക് നിയമനം നല്‍കിയതെന്നും സര്‍വ്വകലാശാല അവകാശപ്പെടുന്നു. ആര്‍ക്ക് വേണ്ടിയും ചട്ടങ്ങളില്‍ തിരുത്തല്‍ വരുത്തുകയോ വെള്ളം ചേര്‍ക്കുകയോ ചെയ്തിട്ടില്ല. നിയമന വിവാദത്തില്‍ അന്വേഷണം നടത്തേണ്ട ആവിശ്യമില്ലെന്നും കാലടി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ മാധ്യമങ്ങളോട് പറഞ്ഞു.