ലഹരി കടത്ത്: പിടിയിലാകുന്നതിന് രണ്ടുദിവസം മുന്‍പുവരെ അനൂപ് ബിനീഷിനെ വിളിച്ചു; ഫോണ്‍ രേഖ പുറത്ത്
Top News

ലഹരി കടത്ത്: പിടിയിലാകുന്നതിന് രണ്ടുദിവസം മുന്‍പുവരെ അനൂപ് ബിനീഷിനെ വിളിച്ചു; ഫോണ്‍ രേഖ പുറത്ത്

ഓഗസ്റ്റ് 21നാണ് അനൂപ് മുഹമ്മദ് അറസ്റ്റിലാവുന്നത്

News Desk

News Desk

തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദ് പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് വരെ ബിനീഷ് കൊടിയേരിയെ വിളിച്ചതായി വിവരം. ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓഗസ്റ്റ് 21നാണ് അനൂപ് മുഹമ്മദ് അറസ്റ്റിലാവുന്നത്.

എന്നാല്‍ ഇതിനു മുന്‍പായി ഓഗസ്റ്റ് 19ന് അഞ്ച് തവണ അനൂപ് ബിനീഷിനെ വിളിച്ചതായി ഫോണ്‍ രേഖകള്‍ പറയുന്നു.മാത്രമല്ല, ഓഗസ്റ്റ് 13ന് എട്ട് മിനിറ്റിലേറെ ഇരുവരും സംസാരിച്ചിട്ടുമുണ്ട്. അനൂപിനെ തനിക്ക് അടുത്തറിയാമെന്നും ഇയാളുമായി വര്‍ഷങ്ങളായുള്ള സൗഹൃദമുണ്ടെന്ന് ബിനീഷ് നേരത്തെ പറഞ്ഞിരുന്നു.

അതോടൊപ്പം അനൂപ് ഈ കേസുമായി ബന്ധമുള്ള ആളാണെന്നത് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ബിനീഷ് പറഞ്ഞിരുന്നു. തനിക്കും സുഹൃത്തുക്കള്‍ക്കും മാത്രമല്ല അനുപിന്റെ അച്ഛനും അമ്മയ്ക്കും പോലും ഈ വിവരം ഞെട്ടലാണ് ഉണ്ടാക്കിയതെന്നും ബിനീഷ് കോടിയേരി പറഞ്ഞിരുന്നു.

ഓഗസ്റ്റ് 21 നാണ് അനൂപ് മുഹമ്മദ് ബെംഗളൂരുവിലെ കല്യാൺനഗറിലെ ഹോട്ടലിൽ നിന്ന് മയക്കുമരുന്നുമായി പിടിയിലാകുന്നത്. അനൂപിന് നാട്ടിൽ വരാൻ പണമില്ലാത്തത് കൊണ്ട് ആ ദിവസം 15,000 രൂപ അയച്ചു എന്നും ബിനീഷ് പറഞ്ഞിരുന്നു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് മയക്കുമരുന്നുമായി പിടിയിലാകുമ്പോൾ അതേ അനൂപിന്‍റെ കയ്യിലുണ്ടായിരുന്നത് 2,20,00 രൂപയാണ്.

കേസുമായി ബന്ധപ്പെട്ട് ബംഗളുരുവില്‍ പല പ്രദേശങ്ങളിലായി 47 പേര്‍ ഇതിനോടകം ക്രൈം ബ്രാഞ്ചിന്റെ പിടിയിലായിട്ടുണ്ട്. കേന്ദ്ര ഏജന്‍സിയായ നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോയുടെ ബെംഗളൂരു സോണും, ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിക്കുന്നത്.

Anweshanam
www.anweshanam.com