സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ ആല്‍ബിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു
Top News

സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ ആല്‍ബിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു

വൈദ്യപരിശോധനയും കോവിഡ് പരിശോധനയും നടത്തിയ ശേഷമാവും കോടതിയില്‍ ഹാജരാക്കുക.

News Desk

News Desk

കാസര്‍ഗോഡ്: ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി സഹോദരിയായ ആന്‍മേരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സഹോദരന്‍ ആല്‍ബിന്‍ ബെന്നിയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു. തുടര്‍ന്ന് വൈദ്യപരിശോധനയും കോവിഡ് പരിശോധനയും നടത്തിയ ശേഷമാവും കോടതിയില്‍ ഹാജരാക്കുക. കാസര്‍ഗോഡ് ജുഡീഷണല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കുക.

സുഖജീവിതം ലക്ഷ്യമിട്ട് കുടുംബത്തെ മുഴുവന്‍ കൊല്ലാനായിരുന്നു ആല്‍ബിന്റെ പദ്ധതി. സ്വത്ത് തട്ടിയെടുക്കാനും ഇയാള്‍ തീരുമാനിച്ചിരുന്നു. ആല്‍ബിന്റെ ജീവിത രീതികളോട് മാതാപിതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതും കൊലപാതകത്തിന് കാരണമായി. ആദ്യ തവണ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയത്. വിഷബാധയേറ്റ അച്ഛന്‍ ബെന്നിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ച ആന്‍മേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലാകുകയും വൈകാതെ മരണമടയുകയുമായിരുന്നു. ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം ആറോടെയാണ് ബളാല്‍ അരീങ്കലിലെ ബെന്നിയുടെ മകള്‍ ആന്‍മേരി ചെറുപുഴയിലെ ആശുപത്രിയില്‍ മരിച്ചത്. സംഭവത്തിന് ഒരാഴ്ച മുന്‍പ് ആന്‍മേരിയും സഹോദരനും വെള്ളരിക്കുണ്ടിലെ വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയിരുന്നു. അത് കഴിച്ച് തൊട്ടടുത്ത ദിവസമാണ് ആന്‍ മേരിക്ക് ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ആദ്യം വെള്ളരിക്കുണ്ടിലെ ആശുപത്രിയില്‍ ചികിത്സ തേടി.

മഞ്ഞപ്പിത്തബാധയുണ്ടെന്ന സംശയത്തില്‍ തൊട്ടടുത്ത ദിവസം ചെറുപുഴയിലെ ബന്ധുവിന്റെ വീട്ടിലെത്തി അവിടെ ചികിത്സ തേടുകയായിരുന്നു. ആന്‍മേരിയുടെ പിതാവ് ബെന്നി, മാതാവ് ബെസി, സഹോദരന്‍ ആല്‍ബിന്‍ എന്നിവരെയും അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവ് ബെന്നിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്. പെണ്‍കുട്ടിയുടെ മരണത്തില്‍ സംശയമുണര്‍ന്നതോടെ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് ചെറുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വിശദമായ അന്വേഷണത്തിനായി വെള്ളരിക്കുണ്ട് പോലീസിന് കൈമാറിയത്.

Anweshanam
www.anweshanam.com