കവി അനിൽ പനച്ചൂരാൻ അന്തരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു
കവി അനിൽ പനച്ചൂരാൻ അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്‍ (52) അന്തരിച്ചു. രാത്രി 8.10ഓടെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

കോവിഡ് ബാധിച്ച് അദ്ദേഹം മാവേലിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ ചികിത്സ ഫലിക്കാതായതോടെ ഇന്ന് രാവിലെ കരുനാഗപ്പള്ളിയിലേക്ക് മാറ്റി. അവിടെ നടത്തിയ ചികിത്സയും ഫലിക്കാതായതോടെയാണ് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് മാറ്റിയത്.

ഏഴ് മണിയോടെയാണ് അദ്ദേഹത്തെ കിംസിലെത്തിച്ചത്. കോവിഡ് ശ്വാസകോശത്തെ ബാധിച്ചിരുന്നു എന്നതാണ് മരണകാരണം. എട്ട് മണിയോടെ ഹൃദയാഘാതമുണ്ടായിരുന്നു.

ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ ഉദയഭാനു- ദ്രൗപതി ദമ്പതികളുടെ മകനായി 1965 നവംബർ 20നാണ് അനിൽ പനച്ചൂരാന്റെ ജനനം. അനിൽകുമാർ പി.യു. എന്നാണ്‌ യഥാർത്ഥ പേര്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഭാര്യ: മായ, മകൾ:ഉണ്ണിമായ.

അറബിക്കഥ എന്ന ചിത്രത്തിലൂടെയാണ് അനിൽ പനച്ചൂരാൻ സിനിമാ മേഖലയിലെത്തിയത്. തുടർന്ന് കഥ പറയുമ്പോൾ, കോക്ക്ടെയിൽ, സ്പാനിഷ് മസാല തുടങ്ങി ഒട്ടേറെ ചിത്രങ്ങൾക്കായി അദ്ദേഹം ഗാനങ്ങൾ രചിച്ചു.

അറബിക്കഥയിലെ 'ചോര വീണ മണ്ണിൽ നിന്നു', കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ 'വ്യത്യസ്തനാമൊരു ബാർബറാം ബാലനെ' എന്നീ ഗാനങ്ങൾ അനിൽ പനച്ചൂരാനെ പ്രശസ്തിയിലേക്കുയർത്തിയവയാണ്.

അവസാനമായി അദ്ദേഹം ഗാനങ്ങളെഴുതിയത് വെളിപാടിൻ്റെ പുസ്തകം എന്ന ചിത്രത്തിലാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com