
ന്യൂ ഡല്‍ഹി: സെപ്തംബര്‍ 14ന് തുടങ്ങാനിരിക്കുന്ന പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനത്തില്‍ നിന്ന് ചോദ്യോത്തരവേള ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റ് സമ്മേളനത്തിലെ ആദ്യ ഒരു മണിക്കൂര്‍ എംപിമാര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ളതാണ്. ഇതാണ് കോവിഡ് സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയത്.
ചോദ്യോത്തരവേള ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ഇതിനുപുറമെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അവസരമായ സീറോ അവര്‍ അരമണിക്കൂറായി ചുരുക്കിയെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
”പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് പതിനഞ്ച് ദിവസങ്ങള്‍ക്കുമുന്‍പ് തന്നെ ചോദ്യങ്ങള്‍ എംപിമാര്‍ സമര്‍പ്പിക്കുന്നതാണ്. ഇത് റദ്ദു ചെയ്യുന്നതോടുകൂടി പ്രതിപക്ഷ എംപിമാര്‍ക്ക് ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അവകാശമാണ് ഇല്ലാതാകുന്നത്. മഹാമാരി ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള അവസരമായി ഉപയോഗിക്കുകയാണ്’, തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം ഡെറിക് ഒ ബ്രിയണ്‍ പ്രതികരിച്ചു.
സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നത് പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ ജീവവായുവാണെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചു. മഹാമാരിയെ മറയാക്കി ജനാധിപത്യത്തെയും എതിര്‍ശബ്ദങ്ങളെയും അടിച്ചമര്‍ത്താന്‍ ശ്രമങ്ങളുണ്ടാകുമെന്ന് നാല് മാസങ്ങള്‍ക്ക് മുന്‍പേ താന്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് വ്യത്യസ്ത ഷിഫ്റ്റുകളിലായാണ് രാജ്യസഭയും ലോക സഭയും സമ്മേളിക്കുക. ആദ്യ ദിവസം രാവിലെ ഒമ്പത് മുതല്‍ ഒരു മണിവരെ ലോക്സഭാ സമ്മേളനം നടക്കും. തുടര്‍ന്ന് ഒക്ടോബര്‍ ഒന്നുവരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് മൂന്ന് മുതല്‍ 7 വരെയായിരിക്കും ലോക്സഭ യോഗം. രാജ്യസഭ ആദ്യത്തെ ദിവസം വൈകിട്ട് മൂന്ന് മുതല്‍ ഏഴ് വരെയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ 1 മണിവരെയുമാണ് യോഗം ചേരുക.