വിട്ടുവീഴ്ചയില്ലാതെ കർഷകർ; അമിത്ഷായും രാജ്‌നാഥ്‌ സിംഗും മോദിയെ കണ്ടു

കര്‍ഷകരുമായുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ അഞ്ചാംവട്ട ചര്‍ച്ച ഇന്ന് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച
വിട്ടുവീഴ്ചയില്ലാതെ കർഷകർ; അമിത്ഷായും രാജ്‌നാഥ്‌ സിംഗും മോദിയെ കണ്ടു

ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയില്‍ അമിത് ഷായും രാജ്നാഥ് സിംഗുമെത്തി മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു. രാജ്യതലസ്ഥാനം വളഞ്ഞ് കര്‍ഷകരുടെ സമരം പത്താംദിവസവും തുടരുമ്പോൾ കര്‍ഷകരുമായുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ അഞ്ചാംവട്ട ചര്‍ച്ച ഇന്ന് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ കാര്യമായി പരിഗണിക്കുന്നുവെന്നാണ് സൂചന.

ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് ഡൽഹി വിഗ്യാന്‍ ഭവനില്‍ കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ ചർച്ച തുടങ്ങാനിരിക്കുന്നത്. നിലവിലെ വിവാദനിയമഭേദഗതികളില്‍ മാറ്റം കൊണ്ടുവരികയല്ല, നിയമങ്ങള്‍ പിന്‍വലിച്ച്‌, മിനിമം താങ്ങുവില ഉറപ്പാക്കുന്ന തരം നിയമം പുതുതായി കൊണ്ടുവരികയാണ് വേണ്ടതെന്നാണ് കര്‍ഷകരുടെ ആവശ്യം.

മിനിമം താങ്ങുവില ഉറപ്പുനല്‍കുന്ന തരത്തില്‍ കര്‍ഷകനിയമഭേദഗതികളില്‍ ചട്ടങ്ങള്‍ കൊണ്ടുവരുമെന്ന് രേഖാമൂലം ഉറപ്പുനല്‍കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വാഗ്ദാനം. എന്നാല്‍ പുതിയ നിയമഭേദഗതിയുമായി ബന്ധപ്പെട്ട, സംഭരണത്തിലും താങ്ങുവിലയിലും, വിപണിവില ഉറപ്പ് നല്‍കുന്നതിലുമടക്കമുള്ള വീഴ്ചകള്‍ കര്‍ഷകര്‍ ഏറ്റവുമൊടുവിലത്തെ ചര്‍ച്ചയിലടക്കം ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍ ഇവയൊന്നും പരിഹരിക്കുന്നതിന് കൃത്യമായ ഒരു മാ‍ര്‍ഗനിര്‍ദേശം തയ്യാറാക്കുന്നതിന് കേന്ദ്ര സക്കാരിന് കഴിഞ്ഞിട്ടില്ല.

ഡൽഹിയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ കര്‍ഷകര്‍ വളഞ്ഞു കഴിഞ്ഞു. സമരം തുടങ്ങിക്കഴിഞ്ഞ് മൂന്ന് തവണയാണ് കേന്ദ്രസര്‍ക്കാര്‍ സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ മൂന്നും സമവായമാകാതെ പിരിഞ്ഞു. രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ വഴികളുമടച്ചുള്ള സമരം രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷകസമരങ്ങളിലൊന്നാണിത്.

ഡിസംബര്‍ 8 ചൊവ്വാഴ്ച, സമരവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകപണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. തലസ്ഥാനത്തേക്കുള്ള റെയില്‍ - റോഡ് ഗതാഗതം അന്ന് പൂര്‍ണമായി തടയുമെന്നും, രാജ്യത്തെ എല്ലാ ഹൈവേ ടോള്‍ഗേറ്റുകളിലും സമരവുമായി ഇരിക്കുമെന്നും കര്‍ഷകസംഘടനാപ്രതിനിധികള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com