കഫീല്‍ ഖാന് ജാമ്യം: കുറ്റങ്ങള്‍ അലഹബാദ് ഹൈക്കോടതി റദ്ദാക്കി; യുപി പൊലീസിന് കനത്ത തിരിച്ചടി
Top News

കഫീല്‍ ഖാന് ജാമ്യം: കുറ്റങ്ങള്‍ അലഹബാദ് ഹൈക്കോടതി റദ്ദാക്കി; യുപി പൊലീസിന് കനത്ത തിരിച്ചടി

പ്രകോപനപരമായി പ്രസംഗിച്ചെന്ന പേരില്‍ ദേശ സുരക്ഷാ നിയമപ്രകാരം (എന്‍എസ്‌എ) ചുമത്തിയാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കഫീല്‍ ഖാനെ ജയിലില്‍ ആക്കിയത്.

News Desk

News Desk

ന്യൂഡല്‍ഹി: ഡോ. കഫീല്‍ ഖാന് ജാമ്യം അനുവദിച്ചു കോടതി. അലഹബാദ് ഹൈക്കോടതിയാണ് കഫീല്‍ ഖാന് ജാമ്യം നല്‍കിയത്. ഡോക്ടര്‍ കഫീല്‍ ഖാന് എതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം കോടതി റദ്ദാക്കി. ഡോക്ടറെ ഉടന്‍ മോചിപ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. യുപി പൊലീസിന് കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്.

പ്രകോപനപരമായി പ്രസംഗിച്ചെന്ന പേരില്‍ ദേശ സുരക്ഷാ നിയമപ്രകാരം (എന്‍എസ്‌എ) ചുമത്തിയാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കഫീല്‍ ഖാനെ ജയിലില്‍ ആക്കിയത്. കഫീല്‍ ഖാന്റെ പ്രസംഗത്തില്‍ അക്രമമോ, വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന ഒന്നുമില്ല. ദേശീയ ഐക്യത്തിന് വേണ്ടിയുള്ള ആഹ്വാനമാണ് ഉള്ളതെന്നും ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടുന്നു.

നിയമവിരുദ്ധമായിട്ടാണ് കഫീല്‍ ഖാനെ തടവിലിട്ടിരിക്കുന്നതെന്നും ഉടന്‍ മോചിപ്പിക്കണമെന്നും ഉത്തരവിട്ട കോടതി, സര്‍ക്കാര്‍ ചുമത്തിയ ദേശ സുരക്ഷാ നിയമം (എന്‍എസ്‌എ) റദ്ദാക്കി. നേരത്തെ കഫീല്‍ ഖാന് ജാമ്യം ലഭിച്ചെങ്കിലും പിന്നീട് എന്‍എസ്‌എ ചുമത്തി വീണ്ടും തടവിലിടുകയായിരുന്നു. ഈ നടപടി ചോദ്യം ചെയ്തു കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, യുപി പൊലീസിനു കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്.

കഫീല്‍ ഖാന്റെ മാതാവ് നുസ്റത്ത് പര്‍വീന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണു കോടതിയുടെ നടപടി. എന്‍എസ്‌എ നിയമം ചുമത്തി കഫീല്‍ഖാനെ തടവിലാക്കിയത് പൂര്‍ണമായും നിയമവിരുദ്ധമാണെന്നു കോടതി വ്യക്തമാക്കി. മതിയായ രേഖകളോ തെളിവുകളോ ഇല്ലാതെയാണ് ഖഫീല്‍ഖാനെ തടവിലാക്കിയതെന്നും വിധിയില്‍ പറയുന്നു.

അലഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ ഡിസംബര്‍ 12ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംഘടിപ്പിച്ച പ്രതിഷേധസമരത്തില്‍ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് കഫീല്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട കഫീല്‍ ഖാനെ പിന്നീട് മഥുര ജയിലിലേക്ക് മാറ്റുകയായിരുന്നു. മുംബൈ വിമാനത്താവളത്തില്‍വച്ചായിരുന്നു കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്.

യുപിയിലെ ഗൊരഖ്പുര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ ശിശുരോഗവിദഗ്ധനായിരുന്ന ഡോ കഫീല്‍ ഖാന്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. 2017ല്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭ്യതയുടെ അഭാവത്തെതുടര്‍ന്ന് ആശുപത്രിയിലെ അറുപതിലേറെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കുറ്റാരോപിതരായ ഒമ്ബത് പേരില്‍ ഒരാളാണ് ഡോ. കഫീല്‍ ഖാന്‍. സംഭവത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കഫീല്‍ ഖാനെ ആശുപത്രിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ബിജെപി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയതിന്റെ പേരിലും കഫീല്‍ ഖാന്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

Anweshanam
www.anweshanam.com