പാലക്കാട് ദുരഭിമാനക്കൊല; ശക്തമായ അന്വേഷണം നടത്തുമെന്ന് മന്ത്രി എ കെ ബാലൻ

പൊലീസ് അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കും. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും മന്ത്രി പറഞ്ഞു
പാലക്കാട് ദുരഭിമാനക്കൊല; ശക്തമായ അന്വേഷണം നടത്തുമെന്ന് മന്ത്രി എ കെ ബാലൻ

പാലക്കാട്: തേങ്കുറിശി ദുരഭിമാന കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് മനസിലാകുന്നതെന്ന് മന്ത്രി എകെ ബാലൻ. പൊലീസ് അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കും. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട അനീഷിന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

നാളെ ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വിഷയങ്ങൾ അവതരിപ്പിക്കും. വേറെ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം വേണമെങ്കിൽ അത് അടുത്ത ദിവസം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

അനീഷിൻ്റെ മരണകാരണം രക്തസ്രാവമെന്ന് വ്യക്തമാക്കുന്ന പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. അനീഷിൻ്റെ ശരീരത്തിലുള്ളത് ആഴത്തിലുള്ള വെട്ടാണ്. തുടയ്ക്കും കാലിനുമേറ്റ ആഴത്തിലുള്ള മുറിവിലൂടെ രക്തം വാർന്ന് പോയി. കഴുത്തിലും ആഴത്തിലുള്ള പരുക്കുണ്ട്. രക്തം വാർന്നാണ് മരണം സംഭവിച്ചതെന്നും പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ തെളിവെടുപ്പ് പൂർത്തിയായി. അനീഷിനെ കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങളും, കൊലപാതക സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും കസ്റ്റഡിയിലെടുത്തു. ഇരുവരെയും ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. രാവിലെ പത്തരയോടെയാണ് പ്രതികളായ സുരേഷ്, പ്രഭുകുമാർ എന്നിവരെ കൊലപാതകം നടന്ന മാനാംകുളമ്പ് കവലയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരുവരും കൃത്യം നടത്തിയ രീതി പൊലീസിന് വിശദീകരിച്ചു. കത്തി, ഇരുമ്പുവടി എന്നിവ ഉപയോഗിച്ച് ആക്രമിച്ച ശേഷം സമീപത്തുള്ള ഓടയിലേക്ക് അനീഷിനെ തള്ളിയിട്ടുവെന്നാണ് പ്രതികൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.

ഹരിതയെ അനീഷ് വിവാഹം ചെയ്തതാണ് അനീഷിനോടുള്ള വൈരാഗ്യമെന്ന് പ്രതികൾ മൊഴി നൽകി. അനീഷുമായി ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പ്രതികൾ മൊഴി നൽകി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com