എടപ്പാടി പളനിസാമി എഐഎഡിഎംകെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ഇന്ന് രാവിലെ എഐഎഡിഎംകെ ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.
എടപ്പാടി പളനിസാമി എഐഎഡിഎംകെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ചെന്നൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ പ്രഖ്യാപിച്ചു. ഉപമുഖ്യമന്ത്രിയും എഐഎഡിഎംകെ കോഡിനേറ്ററുമായ ഒ പനീര്‍സെല്‍വമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. 11 അംഗ സ്റ്റിയറിങ് കമ്മിറ്റിയേയും പ്രഖ്യാപിച്ചു- ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനും മറ്റുമായി 11 അംഗ സ്റ്റിയറിങ് കമ്മിറ്റിക്ക് രൂപം നല്‍കണമെന്ന പനീര്‍സെല്‍വത്തിന്റെ ആവശ്യം എടപ്പാടി ഗ്രൂപ്പ് അംഗീകരിച്ചതോടെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്ന മത്സരത്തില്‍ നിന്ന് പനീര്‍സെല്‍വം പിന്‍മാറാന്‍ തയ്യാറായതെന്നും സൂചനകളുണ്ട്. ജയലളിതയുടെ മരണശേഷം പനീർശെൽവം- പളനി സ്വാമി വിഭാഗങ്ങൾക്കിടയിലെ ഒരു പ്രധാന തർക്ക വിഷയമായിരുന്നു സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളെ നിശ്ചയിക്കൽ.

ഡിണ്ടിക്കൽ സി ശ്രീനിവാസൻ, പി തങ്കമണി, എസ്പി വേലു മണി, ഡി ജയകുമാർ, സിവി ഷണ്മുഖം, ആർ കാമരാജ്, ജെസിഡി പ്രഭാകർ, പി എച്ച് മനോജ് പാണ്ഡ്യൻ, പി മോഹനൻ, ആർ ഗോപാലകൃഷ്ണൻ, സി മാണിക്യൻ എന്നിവരാണ് സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ.

ഇന്ന് രാവിലെ എഐഎഡിഎംകെ ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. പളനിസാമി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനോട് സഖ്യ കക്ഷിയായ ബിജെപിയ്ക്കും യോജിപ്പാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍ നിന്ന് ഉപമുഖ്യമന്ത്രിയും എഐഎഡിഎംകെ കോഡിനേറ്ററുമായ ഒ പനീര്‍ശെല്‍വം പിന്‍മാറിയതായ വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു.

Related Stories

Anweshanam
www.anweshanam.com