മഞ്ജുവിന്റെയടക്കം മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച; വിചാരണക്കോടതിക്കെതിരെ സർക്കാർ

ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്
മഞ്ജുവിന്റെയടക്കം മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച; വിചാരണക്കോടതിക്കെതിരെ സർക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സർക്കാർ. ആക്രമിക്കപ്പെട്ട നടിയുടേയും മഞ്ജു വാര്യരുടേയും മൊഴി രേഖപ്പെടുത്തുന്നതിൽ വിചാരണക്കോടതിയ്ക്ക് വീഴ്ച പറ്റിയതായാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

നടിയുടേയും മഞ്ജുവാര്യര്‍ അടക്കമുള്ളവരുടേയും മൊഴികളിലെ ചില കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതിലാണ് കോടതിക്ക് വീഴ്ച പറ്റിയിരിക്കുന്നത്. മകളെ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയില്ല. നടിയെ വകവരുത്തും എന്ന മൊഴിയും രേഖപ്പെടുത്തിയില്ല. നടി പറഞ്ഞ മറ്റു ചില കാര്യങ്ങളും രേഖപ്പെടുത്തിയില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.

സുതാര്യമായ വിചാരണ നിലവിലെ കോടതിയില്‍ സാധ്യമാകില്ല. അക്രമത്തിനിരയായ നടിക്ക് നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ട പല രേഖകളും പ്രോസിക്യൂഷന് നല്‍കുന്നില്ലെന്നും പ്രതിഭാഗത്തിനാണ് നല്‍കുന്നതെന്നും നടി തന്റെ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

Related Stories

Anweshanam
www.anweshanam.com