
കൊച്ചി: ഷോപ്പിങ് മാളില്‍ യുവനടിയെ ഉപദ്രവിച്ച കേസില്‍ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചന. പെരിന്തൽമണ്ണ സ്വദേശികളായ ഇർഷാദ്, ആദിൽ എന്നിവരാണ് നടിയെ ഉപദ്രവിച്ചതെന്നാണ് വിവരം. കൊച്ചി പോലീസ് ഇവർക്ക് വേണ്ടി പെരിന്തൽമണ്ണയിലേക്ക് പുറപ്പെട്ടു. ഇവരെ ഇന്ന് കൊച്ചിയിലെത്തിക്കും.
ഇവർ ഉടൻ കീഴടങ്ങുമെന്നാണ് അറിയുന്നത്. നടിയോട് മാപ്പ് പറയാൻ തയ്യാറാണെന്നും ഇവർ അറിയിച്ചതായാണ് വിവരം. അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് വിശദീകരണം. ശനിയാഴ്ച 25 വയസ് പ്രായം തോന്നിക്കുന്ന രണ്ട് പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവുണ്ടായത്. പ്രതികളെ തിരിച്ചറിഞ്ഞ ചിലരാണ് പൊലീസിന് വിവരങ്ങൾ കൈമാറുകയായിരുന്നു.
17നു വൈകിട്ട് 5.45നു രണ്ടു പ്രതികളും ലുലു മാളിനുള്ളില്‍ കടന്നത് ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ നിന്നുള്ള പ്രവേശന കവാടം വഴിയാണെന്നു പൊലീസ് കണ്ടെത്തി. മാളിലും റെയിൽവെ സ്റ്റേഷനിലും ഇവർ പേരോ നമ്പറോ നൽകിയിട്ടില്ല. മാളില്‍നിന്ന് ഒന്നും വാങ്ങാതെയാണ് ഇവര്‍ മടങ്ങിയത്.
വ്യാഴാഴ്ച വൈകീട്ട് കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളില്‍ എത്തിയ നടിയെ രണ്ട് ചെറുപ്പക്കാര്‍ ശരീരത്തില്‍ മോശമായ രീതിയിൽ സ്പര്‍ശിച്ചശേഷം പിന്തുടര്‍ന്നുവെന്നും നടി സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് പൊലീസും വനിതാ കമീഷനും സ്വമേധയാ കേസെടുത്തു.