നടന്‍ സൗമിത്രാ ചാറ്റര്‍ജി അന്തരിച്ചു

കോവിഡ് ബാധ മൂലം ഒക്ടോബര്‍ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നടന്‍ സൗമിത്രാ ചാറ്റര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത: ബംഗാള്‍ സിനിമയിലെ ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. 85 വയസായിരുന്നു. കോവിഡ് ബാധ മൂലം ഒക്ടോബര്‍ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. കോവിഡ് നെഗറ്റീവ് ആയതിനുശേഷം ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ നില വീണ്ടും വഷളാകുകയായിരുന്നു.

സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ എന്ന ഖ്യാതിയുള്ള സൗമിത്ര ചാറ്റര്‍ജി അഞ്ചു പതിറ്റാണ്ടിലേറെയായി ബംഗാളി സാംസ്‌കാരിക ജീവിതത്തിന്റെ പ്രധാന ബിംബങ്ങളിലൊന്നായിരുന്നു.

പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം ആദരിച്ച സൗമിത്രയ്ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ കലാകാരന്‍മാര്‍ക്കു നല്‍കുന്ന പരമോന്നത ബഹുമതിയും ലഭിച്ചിട്ടുണ്ട്.

1959 ല്‍ സത്യജിത് റേയുടെ വിഖ്യാത ചിത്രം അപുര്‍ സന്‍സാറിലൂടെയാണ് സൗമിത്ര ചാറ്റര്‍ജി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് റേയുടെ 15 സിനിമകളുടെ ഭാഗമായി അദ്ദേഹം. മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ, അസിത് സെന്‍, അജോയ് കര്‍, ഋതുപര്‍ണ ഘോഷ് തുടങ്ങിയവരുടെ ചിത്രങ്ങളിലും അഭിനയിച്ചു.

Related Stories

Anweshanam
www.anweshanam.com