
കണ്ണൂർ പാനൂരിൽ പത്താംക്ലാസുകാരനെ മർദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. സിപിഎം ബ്രാഞ്ച് അംഗമായ മുത്താറിപീടിക സ്വദേശി ജിനീഷാണ് പാനൂർ പൊലീസിന്റെ പിടിയിലായത്. സഹപാഠിയോട് വഴിയിൽ വച്ച് സംസാരിച്ചതിനാണ് സദാചാര പൊലീസ് ചമഞ്ഞ് ജിനീഷ് വിദ്യാർത്ഥിയെ നടുറോട്ടിലിട്ട് തല്ലിയത്. ജിനീഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഇന്നലെയാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് എസ്എസ്എൽസി മോഡൽ പരീക്ഷ കഴിഞ്ഞ് സഹപാഠിയോടൊത്ത് വീട്ടിലേക്ക് മടങ്ങിവരികയായിരുന്നു പത്താംക്ലാസുകാരൻ. മുത്താറപ്പീടിക കവലയിലെത്തിയതും ഡ്രൈവർ ജിനീഷ് കുട്ടിയെ തടഞ്ഞു നിർത്തി പൊതിരെ തല്ലുകയായിരുന്നു. പെൺകുട്ടിക്ക് ഒപ്പം നടക്കുന്നത് നിർത്തണം എന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം.
മർദനമേറ്റ സംഭവം വിദ്യാർത്ഥി രക്ഷിതാക്കളെ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ പാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു.