കേന്ദ്ര കാര്‍ഷിക ബില്ലുകള്‍: ആം ആദ്മിക്കും എതിര്‍പ്പ്

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ബില്ലിനെതിരെ ആം ആദ്മി പാര്‍ട്ടിയും രംഗത്ത്.
കേന്ദ്ര കാര്‍ഷിക ബില്ലുകള്‍: ആം ആദ്മിക്കും എതിര്‍പ്പ്

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ബില്ലിനെതിരെ ആം ആദ്മി പാര്‍ട്ടിയും രംഗത്ത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ബില്ലിനെതിരെ ഇതിനകം സമര പാതയിലാണ്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കര്‍ഷക ബില്ലിനെതിരെ വിമര്‍ശനമുയര്‍ത്തിയതിന്റെ തൊട്ടുപിന്നാലെയാണ് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

ആം ആദ്മി പാര്‍ട്ടിക്ക് പഞ്ചാബില്‍ നിന്ന് ലോക്‌സഭയില്‍ ഒരു അംഗവും രാജ്യസഭയില്‍ മൂന്ന് അംഗങ്ങളുമുണ്ട്. 117 അംഗ സഭയില്‍ 19 സീറ്റുകളുള്ള പഞ്ചാബ് നിയമസഭയിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ് ആം ആദ്മി. കാലപ്പഴക്കം ചെന്ന കാര്‍ഷിക നയങ്ങള്‍ മാറ്റമെന്നവകാശപ്പെട്ട് ഈ വര്‍ഷം മൂന്നു ഓര്‍ഡിനന്‍സുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതെല്ലാം ബില്ലാക്കി ആത്യന്തിക നിയമ നിര്‍മ്മാണത്തിനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു - ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്നു ബില്ലുകളിലൊന്നാണ് കാര്‍ഷികോല്പന്ന വ്യാപാര - വാണിജ്യ ബില്‍. ഇത് ഭക്ഷ്യവിളകള്‍ക്കുള്ള കേന്ദ്ര മിനിമം താങ്ങുവില സമ്പ്രദായത്തെ ഇല്ലാതാക്കുമെന്നത് കടുത്ത കര്‍ഷക ദ്രോഹമാണ്. ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓഫ് പ്രൈസ് അഷ്വറന്‍സ്, ഫാം സര്‍വീസ് എന്നീ ബില്ലുകള്‍ക്കെതിരെയും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭിന്നസ്വരങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത നിലപാടിലാണ്. ബില്ലുകള്‍ക്കെതിരെ പ്രതിഷേധ സമരത്തിലുള്ള കര്‍ഷകര്‍ക്ക് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ഷക വിരുദ്ധ ബില്ലുകള്‍ക്കെതിരെ പാര്‍ലമെന്റില്‍ കൂട്ടായ എതിര്‍പ്പു രേഖപ്പെടുത്തുന്നതിന്റെ സാധ്യത പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ തെളിയുകയാണ്. ബില്ലുകള്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന നിലപാടിലാണ് കോണ്‍ഗ്രസടക്കുള്ളള പ്രതിപക്ഷം.

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ റോഡ് ഉപരോധിച്ച കര്‍ഷകര്‍ക്കെതിരെ ചാര്‍ജ് ചെയ്ത കേസുകളെല്ലാം പിന്‍വലിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കഴിഞ്ഞ ദിവസം പറഞ്ഞു,. ബില്ലുകളുടെ സാധുത കോടതിയില്‍ ചോദ്യം ചെയ്യുമെന്ന സൂചനയും പഞ്ചാബ് മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. സമരം ദില്ലിയിലേക്ക് മാറ്റണമെന്നും കര്‍ ക്ഷകരോട് ക്യാപ്റ്റന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com