നിയമസഭ എപ്പോള്‍ ചേരണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്: എ വിജയരാഘവന്‍

ഗവര്‍ണര്‍ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും വിജയരാഘവന്‍
നിയമസഭ എപ്പോള്‍ ചേരണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്: എ വിജയരാഘവന്‍

തിരുവനന്തപുരം: നിയമസഭ വിളിച്ചുചേര്‍ക്കാനുള്ള അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ സിപിഎം. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി കൺവീനറുമായ എ വിജയരാഘവന്‍ പറഞ്ഞു. നിയമസഭ എപ്പോള്‍ ചേരണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. ഗവര്‍ണര്‍ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും വിജയരാഘവന്‍ പറഞ്ഞു.

നിയമസഭാ വിളിച്ചുചേര്‍ക്കാനുള്ള സര്‍ക്കാരിന്റെ അഭ്യര്‍ഥന നിരാകരിച്ചതോടെ ഒരു തെറ്റായ കീഴ് വഴക്കമാണ് സൃഷ്ടിക്കപ്പെട്ടത്. ഇത് ഗവര്‍ണര്‍ വഹിക്കുന്ന ഭരണഘടനാപരമായ പദവിയുടെ ഉയര്‍ന്ന നിലവാരത്തെ പരിഗണിക്കാത്തതുകൊണ്ടാണ്. ഗവര്‍ണര്‍ ഇത്തരം കാര്യങ്ങള്‍ ഭരണഘടനാനുസൃതമായാണ് പെരുമാറേണ്ടത്.

സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം സര്‍ക്കാരാണ് നിയമസഭയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. നിയമസഭ വിളിച്ചുചേര്‍ക്കാനുള്ള സര്‍ക്കാരിന്റെ നിര്‍ദേശം നിരാകരിക്കുകയല്ല ഗവര്‍ണര്‍ ചെയ്യേണ്ടതെന്നും വിജയരാഘവന്‍ പറഞ്ഞു.

ഗവര്‍ണര്‍ എന്നത് ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ ഭരണഘടനാനുസൃതമായാണ് പെരുമാറേണ്ടതെന്ന് സുപ്രീം കോടതി തന്നെ ചൂണ്ടിക്കാണിച്ചതാണ്. സര്‍ക്കാര്‍ ചെയ്യുന്ന കാര്യം എന്താണ് എന്ന് മുന്‍കൂട്ടി ഗവര്‍ണറെ അറിയിച്ചല്ല നിയമസഭ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ സര്‍ക്കാരിന്റെ അജണ്ടകളാണ് നിയമസഭ വിളിച്ചുചേര്‍ത്ത് നടപ്പാക്കുക. നിയമസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കാന്‍ ഒരു സമിതിയുണ്ടെന്ന് വിജയരാഘവന്‍. അതേസമയം ഗവര്‍ണറുടെ നടപടി രാഷ്ട്രീയപ്രേരിതമാണോ എന്ന ചോദ്യത്തോട് വിജയരാഘവന്‍ പ്രതികരിക്കാന്‍ തയ്യാറിയില്ല

Related Stories

Anweshanam അന്വേഷണം
www.anweshanam.com