കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കോവിഡ് ചികിത്സാകേന്ദ്രമാകുന്നു

തലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ചികിത്സാ കേന്ദ്രമാക്കാനൊരുങ്ങി സര്‍ക്കാര്‍.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കോവിഡ് ചികിത്സാകേന്ദ്രമാകുന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ചികിത്സാ കേന്ദ്രമാക്കാനൊരുങ്ങി സര്‍ക്കാര്‍. നിലവില്‍ കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുളള ജില്ലയാണ് തിരുവനന്തപുരം. മെഡിക്കല്‍ കോളേജും ജനറല്‍ ആശുപത്രിയും കോവിഡ് രോഗ ബാധിതരെ കൊണ്ട് നിറഞ്ഞു.

വര്‍ക്കല എസ്ആര്‍ കോളേജ് അടക്കം നഗരത്തിന് പുറത്തുളള ചികിത്സാകേന്ദ്രങ്ങളിലും ദിനംതോറും കൂടുതല്‍ രോഗികള്‍ എത്തുകയാണ്. രോഗപ്പകര്‍ച്ച കൂടുതലുളള വാര്‍ഡുകളില്‍ പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങള്‍ ഒരുക്കാനുളള തയ്യാറെടുപ്പുകളിലാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി പൂന്തുറയിലും ബീമാപളളിയിലുമാണ് പ്രഥമഘട്ട ചികിത്സാകേന്ദ്രം ഒരുക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന് പരിഹാരമായാണ് ഗ്രീന്‍ഫീല്‍ഡില്‍ ട്രീറ്റ്മെന്റ് സെന്റര്‍ തയാറാക്കുന്നത്. 500 മുതല്‍ 750 പേരെവരെ ഒരുസമയം ഉള്‍ക്കൊള്ളിക്കാവുന്ന വിധത്തിലാണ് ഈ സംവിധാനം. ഇവിടെ സാമ്പിള്‍ കളക്ഷനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തില്‍ ആയിരം പേര്‍ക്കായിരിക്കും ഇവിടെ ചികിത്സ ഒരുക്കുക. രണ്ട് ദിവസത്തില്‍ കേന്ദ്രം സജ്ജമാകും. കണ്‍വന്‍ഷന്‍ സെന്ററാണ് ആദ്യം കൊവിഡ് ആശുപത്രിയാക്കി മാറ്റുക. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് സ്റ്റേഡിയത്തിന്റെ മറ്റു സ്ഥലങ്ങളും സജ്ജമാക്കും. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരെയായിരിക്കും ഇവിടെ ചികിത്സിക്കുക. ദിവസത്തില്‍ രണ്ട് തവണ ഡോക്ടര്‍മാരെത്തി പരിശോധന നടത്തും.

Related Stories

Anweshanam
www.anweshanam.com