രാജ്യത്ത് ഏഴ് പേര്‍ക്ക് കൂടി അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചു

യുകെയിൽ നിന്ന് കേരളത്തിൽ എത്തിയ 29 പേർക്ക് കോവിഡ്, സ്രവം കൂടുതൽ പരിശോധനയ്ക്ക് അയച്ചു
രാജ്യത്ത് ഏഴ് പേര്‍ക്ക് കൂടി അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഏഴ് പേര്‍ക്ക് കൂടി അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി എല്‍.എന്‍.ജെ.പി ആശുപത്രിയിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് ആദ്യം രോഗം സ്ഥിരീകരിച്ച അഞ്ചു പേരില്‍ ഒരാളുടെത് ഡല്‍ഹി സി.എസ്.ഐ.ആര്‍ ഇന്‍സ്‌റ്റി‌റ്റ്യൂട്ടിലും നാലെണ്ണം പൂനെ വൈറോളജി ഇന്‍സ്‌റ്റി‌റ്റ്യൂട്ടിലുമാണ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പ്രത്യേക കോവിഡ് ചികിത്സ കേന്ദ്രങ്ങളില്‍ ചികിത്സയിലാണ്. ഓരോ മുറികളിലായാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

മ‌റ്റ് 20 പേരില്‍ എട്ടുപേര്‍ ഡല്‍ഹിയിലെ ദേശീയ രോഗനിയന്ത്രണ കേന്ദ്രത്തിലാണ് ചികിത്സയിലുള‌ളത്. ഏഴുപേര്‍ ബംഗളൂരുവിലും രണ്ടുപേര്‍ ഹൈദരാബാദിലും കല്‍ക്കത്തയിലും പൂനെയിലും ഡല്‍ഹിയിലെയും ചികിത്സാ കേന്ദ്രങ്ങളില്‍ ഓരോരുത്തരും ചികിത്സയിലുണ്ട്. 70 ശതമാനം വ്യാപനശേഷി കൂടിയ വൈറസാണ് കോവിഡ് രോഗത്തിന് കാരണമാകുന്ന പുതിയ വൈറസ്.

യുകെയിൽ നിന്ന് കേരളത്തിൽ എത്തിയ 29 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. അതി തീവ്ര വൈറസ് ആണോ എന്നറിയാൻ സ്രവം പുണെ വൈറോളജി ഇൻറ്റിറ്റ്യൂട്ടിലേക്ക് അയച്ചു. 20 പേരുടെ സാമ്പിളുകളാണ് അയച്ചതെന്നും ഫലം വന്ന ശേഷമേ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കൂ എന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ഇതുവരെ പരിവര്‍ത്തനം സംഭവിച്ച വൈറസ് സ്ഥിരീകരിച്ച മ‌റ്റ് രാജ്യങ്ങള്‍ നെതര്‍ലാന്റ്സ്, ഓസ്ട്രേലിയ,ഇറ്റലി,സ്വീഡന്‍, ഡെന്മാര്‍ക്ക്, ജര്‍മ്മനി, കാനഡ, ഫ്രാന്‍സ്, സ്‌പെയിന്‍,സ്വി‌റ്റ്‌സര്‍ലാന്റ്,ജപ്പാന്‍, ലെബനോന്‍, സിംഗപ്പൂര്‍ എന്നിവയാണ്. പുതിയ വകഭേദം വ്യാപകമാകുന്നത് കണ്ട ശേഷം യു.കെയിലേക്കും തിരികെയുമുള‌ള വിമാനസര്‍വീസുകള്‍ ഇന്ത്യ ജനുവരി 7 വരെ നിരോധിച്ചിരുന്നു. നിരോധനം നിലവില്‍ വന്ന ഡിസംബര്‍ 23 അര്‍ത്ഥരാത്രിവരെ ഏതാണ്ട് 33,000 യാത്രക്കാരാണ് ഇന്ത്യയിലെത്തിയത്. ഇവര്‍ക്കെല്ലാം ആര്‍.ടി.പി.സി.ആര്‍ ടെസ്‌റ്റുകള്‍ നിര്‍ബന്ധമായും നടത്താനാണ് സര്‍‌ക്കാര്‍ നിര്‍ദ്ദേശം.

അതേസമയം, കോവിഡ് വാക്‌സീന് ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന് സൂചന നല്‍കി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ സോമനി. വെള്ളിയാഴ്ച കോവിഡ് വാക്‌സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക യോഗം ചേരാനിരിക്കെയാണ് ഡോ സോമനി സൂചന നല്‍കിയിരിക്കുന്നത്.

ജനുവരി രണ്ട് മുതൽ എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റൺ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com