ഡികെ ശിവകുമാറിനെതിരെ സിബിഐ റെയ്ഡ്; 50 ലക്ഷം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്

അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തു.
ഡികെ ശിവകുമാറിനെതിരെ സിബിഐ റെയ്ഡ്; 50 ലക്ഷം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്

ന്യൂ ഡല്‍ഹി: കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ സിബിഐ നടത്തിയ റെയ്ഡില്‍ 50 ലക്ഷം രൂപ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ശിവകുമാറിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തതായും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഡികെ ശിവകുമാര്‍, അദ്ദേഹത്തിന്റെ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ ഡികെ സുരേഷ് എന്നിവരുടെ വീട്ടിലും ബന്ധപ്പെട്ട 14 കേന്ദ്രങ്ങളിലുമാണ് സിബിഐ ഇന്ന് റെയ്ഡ് നടത്തിയത്. കര്‍ണാടക, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.

അനധികൃത സ്വത്ത് സമ്പാദനത്തിനാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ കോണ്‍ഗ്രസ് നേതാവ് ഡി. കെ ശിവകുമാറിനെതിരെ അഴിമതി ആരോപിച്ച് കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് അനുമതി നല്‍കിയിരുന്നു.

സിബിഐ റെയ്ഡ് തുടങ്ങിയതിന് പിന്നാലെ തന്നെ കര്‍ണാടക സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവ് രണ്‍ദീപ് സുര്‍ജേവാല രംഗത്തെത്തിയിരുന്നു. സിബിഐ സര്‍ക്കാരിന്റെ കയ്യിലെ കളിപ്പാവയായി മാറിയെന്നും ഈ റെയ്ഡ് കൊണ്ടൊന്നും തങ്ങളെ തളര്‍ത്താനാവില്ലെന്നുമായിരുന്നു സുര്‍ജേവാല പ്രതികരിച്ചത്.

യെദിയൂരപ്പ സര്‍ക്കാരിന്റെ അഴിമതിയും സിബിഐ കണ്ടെത്തണം. പക്ഷെ ഈ ‘റെയ്ഡ് രാജ്’ അവരുടെ കുടില തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. സിബിഐയുടെ ആക്രമണം ബിജെപിയുടെ സ്ഥിരം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാണ്. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുമെന്ന ഭയമാണിതിന് കാരണം. ഈ വിദ്വേഷ രാഷ്ട്രീയത്തിന്റെ സിബിഐ ആക്രമണത്തില്‍ തങ്ങള്‍ അപലപിക്കുന്നന്നെന്ന് കര്‍ണാടക പിസിസിയും പ്രതികരിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com