ഹത്രാസ് പീഡനം: അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെന്‍ഷന്‍

എസ്പി, ഡിഎസ്പി, ഇൻസ്പെക്ടർ എന്നിവർക്കാണ് സസ്പെൻഷൻ
ഹത്രാസ് പീഡനം: അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെന്‍ഷന്‍

ലഖ്നൗ: ഹത്രാസ് കൂട്ടബലാത്സംഗ കൊലപാതക കേസുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോ​ഗസ്ഥര്‍ക്കെതിരെ നടപടി. പോലീസ് നടപടിയില്‍ വിഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അടക്കം അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. എസ് ഐ ടി സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എസ്പി, ഡിഎസ്പി, ഇൻസ്പെക്ടർ എന്നിവർക്കാണ് സസ്പെൻഷൻ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.

സംഭവത്തില്‍ പ്രതികള്‍ക്കും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കും നുണപരിശോധന നടത്തണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതായി എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ‌പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും വിവിധ സംഘടനകളും പ്രതിഷേധവുമായി ഇന്നും തെരുവിലിറങ്ങി. യുപി പൊലീസിനെതിരെ ആഞ്ഞടിച്ച് പെണ്‍കുട്ടിയുടെ കുടുംബം രം​ഗത്തെത്തി. ബലാൽസംഗം നടന്നിട്ടില്ലെന്ന പൊലീസ് നിലപാട് തള്ളിയ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.

സെപ്റ്റംബര്‍ പതിനാലിനാണ് ഹാഥ്റസില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. അമ്മയ്ക്കൊപ്പം പുല്ലരിയാന്‍ വയലില്‍ പോയപ്പോള്‍ നാലുപേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. അക്രമികള്‍ യുവതിയുടെ നാവ് മുറിച്ചുമാറ്റുകയും ശരീരത്തില്‍ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ചികിത്സയിലായിരുന്ന യുവതി 22ന് വൈകുന്നേരത്തോടെ മരിച്ചു.

മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ പോലീസ് ബലമായി സംസ്്കരിക്കുകയായിരുന്നെന്നും പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബലാത്സംഗം നടന്നതായി തെളിവില്ലെന്നും എഡിജിപി പറഞ്ഞിരുന്നു.

Related Stories

Anweshanam
www.anweshanam.com