
ന്യൂഡല്‍ഹി: അരുണാചൽ പ്രദേശിൽ കാണാതായ അഞ്ച് യുവാക്കളെ കണ്ടെത്തിയതായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. ചൈനീസ് പട്ടാളം ഇവരെ കണ്ടെത്തിയതായി അറിയിച്ചുവെന്നും കിരണ്‍ റിജിജു വ്യക്തമാക്കി- ദി ക്വിന്റ് റിപ്പോര്‍ട്ട്.
ചൈനീസ് സേന ഇവരെ തട്ടിക്കൊണ്ടുപോയി എന്ന ആരോപണം ബന്ധുക്കൾ ഉന്നയിച്ചിരുന്നു. ഇവര്‍ അതിര്‍ത്തി കടന്നെത്തിയെന്ന വിശദീകരണമാണ് ചൈനീസ് സേന നൽകിയതെന്നാണ് സൂചന. ഈ യുവാക്കളെ വിട്ടുകിട്ടാനുള്ള നടപടികൾ ഇന്ത്യ തുടങ്ങി.
യുവാക്കളെ കാണാതായതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഇന്ത്യ ചൈനീസ് പട്ടാളത്തോട് വിശദീകരണം തേടിയത്. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് യുവാക്കള്‍ ചൈനീസ് സൈന്യത്തിന്റെ പക്കലുണ്ടെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞ വെളളിയാഴ്ച കാണാതായ അഞ്ചു യുവാക്കള്‍ ഉള്‍പ്പടെ ഏഴു പേര് കാട്ടില്‍ വേട്ടക്കായി പോയിരുന്നു. ഇവരില്‍ രണ്ടു പേരാണ് മടങ്ങിയെത്തിയത്. മറ്റുളളവരെ ചൈനീസ് പട്ടാളം പിടിച്ചുകൊണ്ടുപോയെന്നാണ് ഇവര്‍ കുടുംബാംഗങ്ങളെ അറിയിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് സന്ദേശമയച്ചിരുന്നു. അപ്പര്‍ സുബന് സിരി ജില്ലയിലെ നാച്ചോ പ്രദേശത്തുളള ഗ്രാമവാസികളാണ് അഞ്ചുപേരും.