മെഹബൂബ മുഫ്തിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് പി.ഡി.പിയില്‍ നിന്ന് മൂന്ന് നേതാക്കള്‍ രാജിവെച്ചു

മെഹബൂബ മുഫ്തിയുടെ ചില പ്രസ്താവനകളാണ് തങ്ങളെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു
മെഹബൂബ മുഫ്തിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച്    പി.ഡി.പിയില്‍ നിന്ന് മൂന്ന് നേതാക്കള്‍ രാജിവെച്ചു

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി നയിക്കുന്ന പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് മൂന്ന് നേതാക്കള്‍ രാജിവെച്ചു. ടി.എസ് ബജ്‌വ, വേദ് മഹാജന്‍, ഹുസൈന്‍ എ. വഫ, എന്നിവരാണ് രാജിവെച്ച് പുറത്തുപോയത്.

മെഹബൂബ മുഫ്തിയുടെ ചില പ്രസ്താവനകളാണ് തങ്ങളെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. മുഫ്തിയുടെ ചില പരാമര്‍ശങ്ങളും പ്രസ്താവനകളും രാജ്യസ്‌നേഹ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും ഇത്തരം പരാമര്‍ശങ്ങള്‍ തങ്ങളെ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് അയച്ച കത്തില്‍ പറയുന്നു.

നേരത്തെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയ ഭരണഘടനാ ഭേദഗതി പിന്‍വലിക്കുന്നതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ഇന്ത്യന്‍ പതാക കൈവശം വെയ്ക്കാനോ തനിക്ക് താല്പര്യമില്ലെന്ന് മുഫ്തി പറഞ്ഞിരുന്നു.

കേന്ദ്രസര്‍ക്കാരിനെ കൊള്ളക്കാര്‍ എന്ന് വിളിച്ചായിരുന്നു മുഫ്തിയുടെ പരാമര്‍ശം. കശ്മീരിന്റെ പ്രത്യേക പതാക പുനസ്ഥാപിക്കണമെന്നും അവര്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി പേര്‍ മുഫ്തിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ 2019 ആഗസ്റ്റ് 5 മുതല്‍ മെഹബൂബ മുഫ്തി തടവിലായിരുന്നു. ആദ്യം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലും പിന്നീട് സ്വന്തം വീട്ടിലുമായി തടവിലാക്കുകയായിരുന്നു.

Related Stories

Anweshanam
www.anweshanam.com